ന്യൂയോര്‍ക്ക് : ഭൂമിയെ ഛിന്ന ഗ്രഹം തട്ടുമോ.. വന്‍ കുന്നിന്റെ വലിപ്പത്തിലുള്ള ഛിന്ന ഗ്രഹമാണ് ഭൂമിയുടെ ദിശയിലേക്ക് സഞ്ചരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ വലിപ്പമുണ്ടിതിന്. 1999 ജെഡി 6 എന്ന് വിളിക്കുന്ന ഛിന്നഗ്രഹം ഭൂമിയെ തട്ടില്ലെന്നാണ് നിഗമനം. 64 ലക്ഷം കിലോമീറ്റര്‍ അകലെ കൂടി പോകുമെന്നാണ് വിലയിരുത്തല്‍. ജൂലൈ 25ന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകും. ഭൂമിയില്‍ തട്ടില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ശാസ്ത്രലോകം.
72000 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ഗ്രഹം ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ നാശം വിതക്കും. കടലില്‍ പതിച്ചാല്‍ വന്‍ സുനാമിയാകും ഉണ്ടാകുക. ഭൂമിയില്‍ തട്ടുകയാണെങ്കില്‍ 150 കോടി ജനങ്ങളെങ്കിലും കൊല്ലപ്പെട്ടേക്കുമെന്ന് പറയുന്നവരുണ്ട്. ഛിന്നഗ്രഹങ്ങള്‍ ബഹിരാകാശത്തിലൂടെ കടന്നുപോകാറുള്ളത് ഇതാദ്യമല്ല. ജൂണില്‍ ഒരു കിലോമീറ്റര്‍ വലിപ്പമുള്ള ഇകാറസ് എന്ന ഛിന്നഗ്രഹം 80 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി പോയി. മേയില്‍ 1.6 കിലോമീറ്ററുള്ള 1999 എഫ്എന് 53ഉം മാര്‍ച്ചില്‍ ഒരു കിലോമീറ്ററുള്ള 2014 വൈബി 35ഉം ഭൂമിക്കു സമീപത്തുകൂടി പോയി. അഞ്ചു വര്‍ഷം മുന്‍പ് 2010 ജൂലൈയില്‍ സമാനമായ ഛിന്നഗ്രഹം ഭൂമിയുടെ 12.4 മില്യന്‍ മൈല്‍ അരികിലൂടെ കടന്നു പോയിരുന്നു.
ഇപ്പോള്‍ പാഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ അണ്വായുധം ഉപയോഗിച്ച് തകര്‍ക്കാന്‍ നാസ ആലോചിക്കുന്നുണ്ട്. ബഹിരാകാശ പ്രതിരോധമുറയുടെ പ്രായോഗിക സാധ്യതകളന്വേഷിക്കാന്‍ യുഎസ് ആണവ സുരക്ഷാ അധികൃതരുമായി നാസ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആണവായുധമുപയോഗിച്ചു തകര്‍ത്ത ഛിന്നഗ്രഹത്തിന്റെ കഷണങ്ങള്‍ ഭൂമിയിലേക്കു പതിക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ റഷ്യയിലെ ചെല്യാബിന്‍സ്കിനു മുകളില്‍ ആകാശത്ത് അജ്ഞാതവസ്തു പൊട്ടിത്തെറിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലിട്ട അണുബോംബിനെക്കാള്‍ മുപ്പതുമടങ്ങോളം ശക്തിയുള്ള സ്ഫോടനമായിരുന്നു അത്. 1908ല്‍ ഉണ്ടായ ഛിന്നഗ്രഹസ്ഫോടനം നശിപ്പിച്ചത് സൈബീരിയയിലെ ഒരു വനപ്രദേശമാണ്.