ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ തുടക്കമിട്ടു. രാജ്യത്ത് ഇ-സാക്ഷരത, ഇ-ഭരണം, ഇലക്ട്രോണിക് ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത എന്നിവയുടെ ഊന്നലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രമുഖ ടെക്‌നോളജി വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്‍ നടപ്പാക്കുന്നത്.
നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ വിവിധ കമ്പനികള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നീ മേഖലകളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്കരണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഈ പദ്ധതി ഉപകരിക്കും എന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഭരണ രംഗത്തെ അഴിമതി കുറയ്ക്കുവാനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പുതിയ വഴി ഒരുക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.
-എജെ-