തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശത്തിനായി സമീപിച്ചത് ബാറുടമകളുടെ അഭിഭാഷകനായ അഡ്വക്കേറ്റ് എന്‍ നാഗേശ്വര റാവുവിവെയാണെന്ന് ആരോപണം ഉയരുന്നു. സുപ്രീംകോടതിയില്‍ ബാറുടമകളുടെ കേസ് നടക്കുന്ന സാഹചര്യചത്തിലാണ് ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റില്‍ നിന്നും വിഡിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നിയമോപദേശം തേടിയത്.
ബാര്‍കോഴ കേസില്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ബാര്‍കോഴ കേസില്‍ പുതിയ ആരോപണങ്ങല്‍ തലപൊക്കി തുടങ്ങിയത്. അഡ്വക്കേറ്റ് നാഗേശ്വര റാവു ഒരിക്കല്‍ സോളിസിറ്റി ജനറല്‍ ആയി സേവനമനുഷ്ഠിച്ചതൊഴിച്ചാല്‍ അദ്ദേഹം ഹാജരായ കേസുകളില്‍ പലതും അബ്കാരികല്ക്കും ബാറുടമകള്‍ക്കും വേണ്ടിയുള്ളതായിരുന്നു. എസ് പി സുകേശന് സമര്‍പ്പിച്ച കുറ്റപത്രം കോടതിയില്‍ നല്‍കേണ്ടതില്ലെന്ന വിജിലന്‍സിന്റെ തീരുമാനത്തിനു പിന്നിലും നാഗേശ്വര റാവുവാണെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ഇതിനിടയില്‍ ബാര്‍ക്കോഴ കേസില്‍ താന്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ഈ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കടുത്ത സമ്മര്‍ദം തനിക്ക് നേരിടേണ്ടി വന്നതായും ആഭ്യന്തര മന്ത്രി രമേശഅ ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില്‍ പരാമര്‍ശിച്ചു. വിന്‍സന്‍ എം പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹമാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അതിന്റെ റിപ്പോര്‍ട്ട് ഒരു മന്ത്രിയെന്ന നിലയില്‍ താന്‍ കാണേണ്ട ആവശ്യമില്ലെന്നും പ്രസ്തുത റിപ്പോര്‍ട്ട് തള്ളുന്നതും കൊള്ളുന്നതുമെല്ലാം കോടതിയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.