കൊച്ചി: കോതമംഗലം ദുരന്തത്തില്‍ മരിച്ച കുരുന്നുകള്‍ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി. മരിച്ച അഞ്ചു കുട്ടികളില്‍ നാല് പേരുടേയും സംസ്‌കാരം നടന്നു. കറുകടം വിദ്യാ വികാസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പിടവൂര്‍ കാരോത്തുകുഴി അമിന്‍ ജാബിര്‍ (എട്ട്), ആറാം ക്ലാസ് വിദ്യാര്‍ഥിനി നെല്ലിമറ്റം ചിറ്റായത്ത് ഈസ സാറ എല്‍ദോസ് (11), എട്ടാം ക്ലാസ് വിദ്യാര്‍ഥി കുത്തുകുഴി മാത്തന്‍മോളേല്‍ ജോഹന്‍ ജഗി (13), യുകെജി വിദ്യാര്‍ഥിനി കോഴിപ്പിള്ളി ഇഞ്ചൂര്‍ ആലിങ്കമോളത്ത് എ. കൃഷ്‌ണേന്ദു (അഞ്ച്), അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍പടി പുന്നയ്ക്കല്‍ ഗൗരി (10) എന്നിവരാണു സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണുണ്ടായ അപകടത്തില്‍ മരിച്ചത്. മന്ത്രിമാര്‍ ജനപ്രതിനിധികള്‍ സഭാധ്യക്ഷന്മാര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലെ പ്രമുഖര്‍ കുരുന്നുകള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
അഞ്ചു വയസുകാരി കൃഷ്‌ണേന്ദുവിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സെന്റ് ജോണ്‍സ് യാക്കോബായ സിറിയന്‍ പള്ളിയിലാണ് ഇസ സാറ എല്‍ദോസിന്റെ അന്ത്യശുശ്രൂഷകള്‍ നടന്നത്. തൊട്ടുപുറകേ ജോഹന്‍ ജെഗ്ഗിയുടെ മൃതദേഹം മാരാമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലേക്കു വിലാപയാത്രയായി കൊണ്ടുപോയി. പുലികുന്നേപ്പടി ജുമാമസ്ജിദില്‍ അമീന്‍ ജാബിറിനെ ഖബറടക്കി. ഗൗരിയുടെ മൃതദേഹം മുത്തച്ഛന്‍ അമേരിക്കയില്‍ നിന്നെത്തിയ ശേഷം നാളെ സംസ്‌കരിക്കും.
മന്ത്രി പി ജെ ജോസഫ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തുടങ്ങിയവര്‍ കുടുമ്പങ്ങളുടെ വേദനയില്‍ പങ്ക് ചേര്‍ന്നു. അധ്യാപകരും സഹപാഠികളും യാത്രാമൊഴി നല്‍കാനെത്തിയിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് കുട്ടികള്‍ ആശുപത്രി വിട്ടു. മറ്റു മൂന്നു പേര്‍ രണ്ടു ദിവസത്തിനകം സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിരത്തുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കും.
-എജെ-