തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കേണ്ടെന്ന് വിജിലന്‍സ് തീരുമാനിച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ട എന്ന തീരുമാനമെടുത്തത്. ഇക്കാര്യം വരും ദിവസങ്ങളില്‍ വിജിലന്‍സ് കോടതിയിലും അറിയിക്കും.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമോ എന്ന് ആരാഞ്ഞ് സോളിസിറ്റര്‍ ജനറലിനും അറ്റോര്‍ണി ജനറലിനും വിജിലന്‍സ് ഡയറക്ടര്‍ കത്തയച്ചിരുന്നു. രണ്ടു തവണ കത്തയച്ചെങ്കിലും ഇരുവരും മറുപടി നല്കിയില്ല. ഇക്കാര്യത്തില്‍ നിയമോപദേശം തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അനൗദ്യോഗികമായി ഇരുവരും വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചത്.
സുപ്രീം കോടതി അഭിഭാഷകരില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ വരും ദിവസങ്ങളില്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി കോടതിയുടെ തീരുമാനമാകും അന്തിമമാകുക.
കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും വിജിലന്‍സ് നിലപാടിനെതിരേ കോടതിയെ സമീപിക്കുമെന്നും കോഴയാരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് പറഞ്ഞു. അധികാരം ഉപയോഗിച്ച് എല്ലാ കൊള്ളത്തരങ്ങളും മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ മാത്രമേ കേസില്‍ സത്യം പുറത്തു വരൂ എന്നും പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം താനും കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
വിജിലന്‍സ് തീരുമാനത്തെ സ്വാഗതം ചെയ്ത് കെപിസിസിയും കേരള കോണ്‍ഗ്രസ്-എമ്മും രംഗത്തെത്തി. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു പ്രതികരിച്ചു. മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കേസ് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ എംഎല്‍എ വി.എസ്.സുനില്‍കുമാറും ആരോപിച്ചു.
-എജെ-