തിരുവനന്തപുരം: മഴയെ വകവെയ്ക്കാതെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ് തുടരുന്നു. പോളിങ് ശതമാനം 71 കഴിഞ്ഞു. പോളിങ് ശതമാനം കുതിച്ചുയരുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഏവരും വിജയ പ്രതീക്ഷയിലാണ്.
വെള്ളനാട് രണ്ട് മണിക്കൂര്‍ കനത്ത മഴ തുടര്‍ന്നെങ്കിലും 73.4 എന്ന നിലയിലേക്ക് പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. വെള്ളനാട്ടെ ഒരു ബൂത്തില്‍ ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടിരുന്നു. ഈ ബൂത്ത് ഒഴികെ മറ്റ് ബൂത്തുകളില്‍ പോളിങ് അഞ്ചു മണിയോടെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോളിങ് തടസപ്പെട്ട ബൂത്തില്‍ അധിക സമയം അനുവദിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല.
ശക്തമായ പ്രചരണത്തിന്റെ ഫലം വിളിച്ചോതി അരുവിക്കരയില്‍ പോളിങ് കനക്കുന്നതായാണ് റിപ്പോര്‍ട്ട്. 66 ശതമാനമാണ് അരുവിക്കരയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോളിങ് ശതമാനം. അരുവിക്കരയില്‍ വോട്ടര്‍മാരുടെ നിര അഞ്ചുമണി വരെ തുടര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.
പൂവച്ചല്‍64%, ഉഴമലയ്ക്കല്‍ 68%, കുറ്റിച്ചല്‍ 66%, വിതുര 74%, തോളിക്കോട്73% എന്നിങ്ങനെയാണ് പോളിങ് ശതമാന നിരക്ക്. വെള്ളനാട്, ആര്യനാട്, വിതുര, തോളിക്കോട് എന്നീ പഞ്ചായത്തുകളിലാണ് ഉയര്‍ന്ന പോളിങ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ അരുവിക്കരയിലെ പോളിങ് ശതമാനം(70.21%) ഉപതെരഞ്ഞെടുപ്പില്‍(71) മറികടന്നു.