ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആത്മഹത്യ നിരക്ക് 10 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആത്മഹത്യ തടയുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായ ‘Connecting for Life’ എന്ന പുതിയ പദ്ധതി പ്രധാനമന്ത്രി എന്‍ഡ കെനിയും ജൂനിയര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ കാത്‌ലീന്‍ ലിഞ്ചുമാണ് ലോഞ്ച് ചെയ്തത്. ആത്മഹത്യ തടയുന്നതിനുള്ള ദേശീയ നയത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആത്മഹത്യയുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സൗഹചര്യത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 10 ശതമാനം കൂടി കുറയ്ക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. മാനസികാരോഗ്യ മേഖലയിലെ സേവനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആത്മഹത്യ തടയുന്നതിന് കൂട്ടായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മാനസികാരോഗ്യ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ജൂനിയര്‍ മിനിസ്റ്റര്‍ കാത്‌ലീന്‍ ലിഞ്ച് പറഞ്ഞു. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും ജനങ്ങള്‍ക്ക് ശരിയായ മാനസികാരോഗ്യ ചികിത്സ ആവശ്യമുള്ളിടത്ത് മികച്ച സേവനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിക്രൂട്ട്‌മെന്റില്‍ ചില വെല്ലുവിളികളുണ്ടായെങ്കിലും ഇതൊന്നും പദ്ധതിയെ ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. മാനസികാരോഗ്യ മേഖലയില്‍ പല തലങ്ങളിലുള്ള സര്‍വ്വീസാണ് നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ വിഷാദവും സമ്മര്‍ദ്ദവുമനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കുമെന്നും കോര്‍ക്ക്, ഗാല്‍വേ, പോര്‍ട്രേന്‍ വെസ്റ്റ്മീത് എന്നിവിടങ്ങളില്‍ 30 ബെഡുകളുള്ള ഇന്റന്‍സീവ് കെയര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റുകള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
സിഎസ്ഒയുടെ കണക്കനുസരിച്ച് 2012 ല്‍ 541 പേരാണ് ആത്മഹത്യ ചെയ്തത്. 2013 ല്‍ 475 പേരും , 2014 ല്‍ 459 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.
-എജെ-