സൗജന്യ ജിപി:ഓരോ മിനിട്ടിലും 10 മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് മന്ത്രി

ഡബ്ലിന്‍: ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ജൂനിയര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ കാത്‌ലീന്‍ ലിഞ്ച്. ഓരോ മിനിട്ടിലും പത്തുപേര്‍ വീതം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ലിഞ്ച് അറിയിച്ചു. പദ്ധതിയെ അനൂകൂലിച്ച് കരാറിലൊപ്പിടുന്ന ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിക്കുകയാണ്. കോര്‍ക്കില്‍ ആദ്യം വളരെ കുറച്ചുപേര്‍ മാത്രമാണ് കരാറിലൊപ്പിട്ടതെങ്കില്‍ ഇപ്പോള്‍ ഒപ്പിട്ടവരുടെ എണ്ണം 70 ശതമാനമായെന്ന് മന്ത്രി പറഞ്ഞു. ജിപിമാരില്‍ 90 സതമാനം പേരും പദ്ധതിയെ അനുകൂലിച്ച് കരാറിലൊപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

6 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി പദ്ധതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 10,000 ത്തോളം മാതാപിതാക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ആഴ്ച അവസാനത്തോടെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം 40,000 കവിയുമെന്നും ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ ട്വീറ്റ് ചെയ്തു. അയര്‍ലന്‍ഡിലെ പകുതിയോളം ജിപികള്‍ ഉള്‍പ്പെടുന്ന ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായി(IMO) ആരോഗ്യ മന്ത്രാലയം കരാറിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ജനറല്‍ പ്രാക്ടീഷണേഴ്‌സ് (NGAP) പദ്ധതിയെ ശക്തമായി എതിര്‍ക്കുകയാണ്. ജിപിമാര്‍ക്ക് ജോലിഭാരം വര്‍ധിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും കാത്‌ലീന്‍ ലിഞ്ച് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: