കനിഷ്‌ക വിമാനദുരന്തം നീറുന്ന ഒരോര്‍മ്മ, ഡോക്യുമെന്ററി

 

ഡബ്ലിന്‍: വിമാനയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമായ കനിഷ്‌ക ദുരന്തത്തിന് മുപ്പത് വയസ് തികയുന്നു. ജൂണ്‍ 23, 1985 ല്‍ എയര്‍ ഇന്ത്യവിമാനം ഐറിഷ് തീരത്ത് ഒമ്പതിനായിരം മീറ്റര്‍ മുകളില്‍ വെച്ച് പൊട്ടി തെറിക്കുമ്പോള്‍ നടുങ്ങിയത് ഇന്ത്യയ്‌ക്കൊപ്പം ലോകം തന്നെയായിരുന്നു. മോണ്‍ട്രയലില്‍ നിന്നും ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം നടന്നത്. 22 വിമാന ജോലിക്കാര്‍ ഉള്‍പ്പടെ 329 യാത്രക്കാരായിരുന്നു വിമാനച്ചിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ അയര്‍ലന്‍ഡിലെ ഷാനോന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി. കാര്‍ഗോയുടെ കൂട്ടത്തില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. കോര്‍ക്കിന്റെ തീരത്തു വച്ചായിരുന്നു ദുരന്തം. വിമാനത്തിലെ ആരും രക്ഷപ്പെട്ടില്ല. ഐറിഷ് തീരത്തു നിന്ന് കുറെ അവശിഷ്ടങ്ങള്‍ കിട്ടി. ബാക്കി കടലിന്റെ അഗാധങ്ങളിലേക്കു താണു. ഖാലിസ്ഥാന്‍ തീവ്രവാദികളാണ് വിമാനത്തില്‍ ബോംബ് സ്ഥാപിച്ചത്. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടതിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുമായി എത്രയോ കുടുംബങ്ങള്‍ ഇന്നും ജീവിക്കുന്നു, ദുരന്തത്തിന്റെ ഒരോ വാര്‍ഷികത്തിലും അനുസ്മരണചടങ്ങുകളില്‍ പങ്കെടുത്ത് അവര്‍ ഉറ്റവരുടെ ഒര്‍മ്മകളില്‍ വേദനിക്കുന്നു.

കുഷന്‍ രാജവംശവശത്തിലെ ചക്രവര്‍ത്തിയായിരുന്ന കനിഷ്‌കയുടെ പേരു വഹിച്ചിരുന്ന വിമാനത്തില്‍ ജൂണ്‍ 23 നു ബോംബു വയ്ക്കുമെന്ന് കൃത്യമായ അറിവുണ്ടായിരുന്നില്ലെങ്കിലും എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബു വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ജൂണ്‍ ഒന്നാം തീയതി എയര്‍ ഇന്ത്യ ടെലക്‌സ് സന്ദേശത്തിലൂടെ കാനഡയില്‍ അറിയിച്ചിരുന്നതാണ്. പക്ഷേ, ആരും അതിന് വലിയ വില കല്‍പിച്ചില്ല. പതിനഞ്ചു വര്‍ഷത്തോളം ഈ ദുരന്തം തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടാണ് കാനഡ പോലും സ്വീകരിച്ചത്. പ്രധാനമന്ത്രിയായി സ്റ്റീഫന്‍ ഹാര്‍പര്‍ സ്ഥാനമേറ്റ ശേഷമാണ് അതില്‍ മാറ്റം വന്നത്. സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ജോണ്‍ മേജറെ അന്വേഷണ കമ്മീഷനായി നിയോഗിക്കുകയും ദുരന്തത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിനു മുമ്പ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്കു നയിച്ചത് ഗുരുതരമായ ഒരുപറ്റം സുരക്ഷാ വീഴ്ചകളായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡുങ്കന്‍ എന്ന സ്ഥലത്തിനടുത്തുള്ള വനത്തില്‍ വിമാനത്തില്‍ ബോംബു സ്ഥാപിച്ചവര്‍ ട്രയല്‍ സ്‌ഫോടനം നടത്തിയപ്പോള്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ (സി.എസ്.ഐ.എസ്) ഒരു നിരീക്ഷണ സംഘം സമീപത്തുണ്ടായിരുന്നു. അവര്‍ സ്‌ഫോടന ശബ്ദത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശബ്ദത്തിന്റെ കാരണം അധികൃതര്‍ തെറ്റായി വ്യഖ്യാനിച്ച് റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു. ജൂണ്‍ മാസത്തില്‍ ബാഗജില്‍ ഒളിപ്പിച്ച് സ്‌ഫോടകവസ്തുക്കള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വയ്ക്കാന്‍ സാധ്യതയുണ്ടന്ന എയര്‍ ഇന്ത്യയുടെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരം റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിനെ ടെലക്‌സ് മുഖേന എയര്‍ ഇന്ത്യ ജൂണ്‍ ഒന്നിന് അറിയിച്ചിരുന്നു. പക്ഷേ, ഈ വിവരം കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിനു കൈമാറാന്‍ പോലീസ് ശ്രദ്ധിച്ചില്ല.

ദുരന്ത ദിവസം സ്‌ഫോടക വസ്തുക്കള്‍ മണത്തു കണ്ടുപിടിക്കുന്ന പോലീസ് നായ്ക്കളൊന്നും കനേഡിയന്‍ വിമാനത്താവളങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇത്തരം യൂണിറ്റുകളിലെ നായ്ക്കള്‍ക്കും അവരുടെ പരിശീകര്‍ക്കും വേണ്ടി വാന്‍കൂവറില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കാന്‍ അവര്‍ പോയിരിക്കുകയായിരുന്നു. മോണ്‍ട്രിയോളില്‍ ഒരു പോലീസ് നായ ലഭ്യമായിരുന്നുവെങ്കിലും വിമാനം പറന്നുയര്‍ന്ന ശേഷമാണ് അതിനെ വിമാനത്താവളത്തില്‍ കൊണ്ടുവന്നത്. കാനഡയിലെ വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ എക്‌സ റേ പരിശോധനയ്ക്കു വിധേയമാക്കുന്ന രീതി അന്നില്ലായിരുന്നു. എങ്കിലും എയര്‍ ഇന്ത്യ് സ്വന്തമായി കണ്‍വേയര്‍ ബെല്‍റ്റും എക്‌സ റേ മെഷീനും സ്ഥാപിച്ചിരുന്നു. ടൊറന്റോ വിമാനത്തവാളത്തില്‍ ദുരന്ത ദിവസം കണ്‍വേയര്‍ ബെല്‍റ്റ് പൊട്ടിയതു മൂലം മുഴുവന്‍ ലഗേജും സ്‌ക്രീനിംഗിനു വിധേയമാക്കാന്‍ കഴിയാതെ പോയി. യാത്രക്കാരനില്ലാത്ത ഒരു ബാഗേജിലാണ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നത്. യാത്രക്കാരും ബാഗേജും തമ്മില്‍ ബന്ധം ഉറപ്പിക്കുന്ന നടപടി കാനഡ ചില പ്രത്യക സാഹചര്യങ്ങലില്‍ നടപ്പാക്കിയിരുന്നത് പ്രാവര്‍ത്തികമാക്കിയരുന്നെങ്കില്‍ ബോംബ് വയ്ക്കുന്നതു തടയാന്‍ കഴിയുമായിരുന്നു. ഈ പ്രത്യേക ഫ്‌ളൈറ്റില്‍ ബോംബു വയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവുമധികം കാലം നീണ്ടുനിന്നതും പണച്ചിലവേറിയതുമായ അന്വേഷണം അവസാനിച്ചത് അപകടം നടന്ന് 24-ാം വര്‍ഷം മുന്‍ സുപ്രീംകോടതി ജഡ്ജി ജോണ്‍ മേജര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്. കമ്മീഷന്‍ കാനഡ ഗവണ്‍മെന്റിനെയും, രഹസ്യാന്വേഷണ ഏജന്‍സികളെയും റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിച്ചു. അന്വേഷണങ്ങള്‍ക്കായി 103 മില്ല്യണ്‍ യൂറോ ചിലവായി. അന്വേഷണത്തില്‍ സംശയിക്കപ്പെട്ട മൂന്നു പേരും പഞ്ചാബിലെ വിഘടിത പ്രസ്ഥാനമായ ‘ബാബ്ബര്‍ ഖല്‍സ’യിലെ അംഗങ്ങളായിരുന്നു. അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനികനടപടിയോടുള്ള തിരിച്ചടിയായാണ് ഈ മാര്‍ഗം ‘ബാബ്ബര്‍ ഖല്‍സ’ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷിക്കപ്പെട്ട ഏകവ്യക്തി പഞ്ചാബിയായ ഇന്ദ്രജിത്ത് സിംഗ് റിയാത് മാത്രം. ഇയാള്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു. 200 ഓളം സാക്ഷികളെയും 17,000 ത്തോളം രേഖകളും അന്വേഷണത്തിന്റെ പരിധിയില്‍ വന്നു. പല കാര്യങ്ങളും സൂക്ഷ്മതയോടെ ചെയ്തിരുന്നുവങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ജസ്റ്റിസ് ജോണ്‍ മേജര്‍ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്.

ദുരന്തം നടക്കുന്നതിനു രണ്ടാഴ്ച മുമ്പാണ് ഒന്റാരിയോയില്‍ താമസിക്കുന്ന നര്‍ത്തകിയായ ലതാ പട ഭരതനാട്യ അവതരണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഇന്ത്യയിലേക്കു പോയത്. ലതയ്‌ക്കൊപ്പം ചേരാന്‍ ഭര്‍ത്താവ് വിഷ്ണു, മക്കളായ ബ്രിന്ദ, ആരതി എന്നിവര്‍ ഫ്‌ളൈറ്റ് 182 ലാണ് യാത്ര പുറപ്പെട്ടത്. ദുരന്തം കഴിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടായെങ്കിലും മനസിലെ വിങ്ങല്‍ ഇപ്പോഴും ഭാരപ്പെടുത്തുവെന്ന് ലത പറയുന്നു. പ്രിയപ്പെട്ടവര്‍ നഷടപ്പെടുമ്പോള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന ശുന്യത നികത്തുക എളുപ്പമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തിനു ശേഷം എല്ലാ ആഴ്ചയും ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍ ഒന്നിച്ചു കൂടുമായിരുന്നുവെന്ന് എയര്‍ ഇന്ത്യ വിക്റ്റിംസ് ഫാമിലി അസോസിയേഷന്‍ പ്രസിഡന്റ് ബാല്‍ ഗുപ്ത പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചു കരഞ്ഞു, പരസ്പരം ആശ്വസിപ്പിച്ചു, പരസ്പരം സഹായിച്ചു അതു മാത്രമായിരുന്നു ഞങ്ങള്‍ക്കു കിട്ടിയിരുന്ന സാന്ത്വനമെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 29 കടുംബങ്ങള്‍ ദുരന്തത്തില്‍ തുടച്ചു മാറ്റപ്പെട്ടു. 32 പേര്‍ക്ക് ജീവിത പങ്കാളിയെയും മക്കളെയും നഷ്ടമായി. 7 പേര്‍ക്ക് മക്കളെ നഷ്ടപ്പെട്ടു. 10 വയസ് പ്രായമുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടമായി ബാല്‍ ഗുപ്ത അനുസ്മരിച്ചു. വര്‍ഷങ്ങളോളം കാനഡ സര്‍ക്കാര്‍ പുലര്‍ത്തിയ നിസംഗതയുടെ പേരില്‍ പ്രധാനമന്ത്രി ഹാര്‍പര്‍ ദുരന്തത്തില്‍ അകപ്പെട്ട കുടുംബാംഗങ്ങളോട് മാപ്പു ചോദിച്ചതും പൊതുജന വികാരം ഉണര്‍ന്നതുമൊക്കെ കാനഡയുടെ ദുരന്തമായി ഇതിനെ കാണുന്നതിനു വഴി തുറന്നു. ദുരന്തത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലന്റിലെ കോര്‍ക്കിനു സമീപം ബാന്‍ട്രിയില്‍ കാനഡ ഗവര്‍ണര്‍ ജനറല്‍ എഡ്രിയന്‍ ക്ലാര്‍ക്ക്്‌സണ്‍ എയര്‍ ഇന്ത്യ ദുരന്ത സ്മാരകം തുറന്നു. ടൊറന്റോ, മോണ്‍ട്രിയോള്‍, വാന്‍കൂവര്‍, ഓട്ടവ എന്നിവിടങ്ങളില്‍ കനിഷ്‌ക ദുരന്ത സ്മാരകങ്ങള്‍ ഉയര്‍ന്നു. ഭീകരവാദം തടയുന്നതിനുള്ള ഗവേഷണങ്ങള്‍ക്കായി സര്‍ക്കാര്‍ ധനസഹായത്തോടെ കനിഷ്‌ക പ്രൊജക്ടും തുടങ്ങി. കനിഷ്‌ക ദുരന്തത്തെക്കുറിച്ച് ന്യൂ നാഷണല്‍ ജ്യോഗഫ്രിക് തയാറാക്കിയ ഡോക്യുമെന്ററി 2015 മെയ് 27 ന് പുറത്തിറങ്ങി. ദുരന്തത്തിനിടയാക്കിയ സുരക്ഷാ വീഴ്ചകളും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ജീവിക്കുന്നവരുടെ അനുഭവങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ

Share this news

Leave a Reply

%d bloggers like this: