ന്യൂഡല്‍ഹി: മാഗി നൂഡില്‍സിനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള പാല്‍ വിതരണ ശൃംഖലയായ മദര്‍ ഡയറിയുടെ പാലിലും മായം കണ്ടെത്തി. പാലില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയതും കമ്പനി നിലവാരമില്ലാത്ത പാല്‍ വിതരണം ചെയ്തതുമാണു കണ്ടെത്തിയത്. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണു മദര്‍ ഡയറി പ്രവര്‍ത്തിക്കുന്നത്.
പാലില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷാപുരിലുള്ള പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. പ്ലാന്റ് അടച്ചുപൂട്ടി. നിലവാരമില്ലാത്ത പാല്‍ നല്‍കിയതിനു ഗജോറ പ്ലാന്റിന് അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഷാപുരിലെ നാഷണല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ഓഫ്് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡയറിയില്‍നിന്നുള്ള പാലിലാണു സോപ്പിന്റെ അംശം കണ്ടെത്തിയത്. പാലില്‍ അപകടകരമാംവിധം കൊഴുപ്പ് അടങ്ങിയിരിക്കുന്നതായി ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കമ്പനിയോടാവശ്യപ്പെട്ടു. കമ്പനിക്കെതിരേ കേസെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
-എജെ-