ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും പോലീസും തമ്മിലുള്ള കല്ലുകടി അടുത്തൊന്നും അവസാനിക്കുന്ന മട്ടില്ല. അടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴി തുറന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം 20 ലേറെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരെ വിവിധ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി പോലീസ്. 21 എ.എ.പി നിയമസഭാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കെജ്രിവാളിനെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് ആറിലേറെ കേസുകളാണുള്ളത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസുണ്ട്. റെയില്‍വെ ഭവന് ഉപരോധിച്ചതുമായി ബന്ധപ്പെട്ടാണ് സിസോദിയക്കെതിരെ കേസ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മുന്‍മന്ത്രി സോമനാഥ് ഭാരതി ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതി ഭാര്യ നല്‍കിയിട്ടുണ്ട്. ഇവരെക്കൂടാതെയാണ് 21 എം.എല്‍.എമാര്‍ക്കെതിരെ വിവിധ ക്രിമിനല്‍ കേസുകള്‍.