ലണ്ടന്‍: വനിതാ ശാസ്ത്ര വിദ്യാര്‍ത്ഥികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് നൊബേല്‍ സമ്മാന ജേതാവ് ടീം ഹണ്ട് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ പദവി രാജിവെച്ചു. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ശാസ്ത്ര പത്രപ്രവര്‍ത്തകരുടെ ലോകസമ്മേളനത്തിലാണ് ടിം വിവാദ പരാമര്‍ശം നടത്തിയത്. ‘പെണ്‍കുട്ടികള്‍ ലാബിലുള്ളപ്പോള് എനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പറയട്ടെ. അവര്‍ ലാബിലുണ്ടെങ്കില്‍ 3 കാര്യങ്ങള്‍ സംഭവിക്കും, നിങ്ങള്‍ അവരുമായി പ്രണയത്തിലാകും, അല്ലെങ്കില്‍ അവര്‍ നിങ്ങളുമായി പ്രണയത്തിലാകും, അവരുടെ പ്രവൃത്തികളെ വിമര്‍ശിക്കാനൊരുങ്ങിയാല്‍ അവര്‍ കരയും.’ എന്നായിരുന്ന ടിമ്മിന്റെ പരാമര്‍ശം. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ലാബുകള്‍ വേണമെന്ന ആവശ്യവും ടിം ഉന്നയിച്ചു. പ്രസ്താവന വിവാദമായതോടെ ടിം മാപ്പ് പറഞ്ഞിരുന്നു.
ടിമ്മിന്റെ പ്രസ്താവനക്കെതിരെ ശാസ്ത്രലോകത്ത് നിന്നും പുറത്തുനിന്നും നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യൂണിവേഴ്സിറ്റിയിലെ ലൈഫ് സയന്‍സ് പ്രൊഫസര്‍ സ്ഥാനം ടിം രാജിവെച്ചത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍(യുസിഎല്‍) അധികൃതരാണ് ടിമ്മിന്റെ രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പുരുഷന്മാരുടെ അതേ പരിഗണന നല്‍കിക്കൊണ്ട് വനിതാ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കിയ നല്കിയ ഇംഗ്ലണ്ടിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് യുസിഎല്‍. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനാണ് യുസിഎല്‍ മുന്‍ഗണന നല്‍കുന്നതെന്നും യുസിഎല്‍ അധികൃതര്‍ പ്രതികരിച്ചു.
ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയിലെ സയന്‍സ് ജേര്‍ണലിസത്തിന്റെ ഡയറക്ടര്‍ കോന്നീ സെന്റ് ലൂയിസ് ആണ് ടിമ്മിന്റെ വിവാദ പ്രസ്താവന ട്വീറ്റ് ചെയ്തത്. നോബല്‍ സമ്മാന ജേതാവ് ഇപ്പോഴും വിക്ടോറിയന്‍ യുഗത്തിലാണോ ജീവിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ടിമ്മിന്റെ പരാമര്‍ശത്തിനെതിരെ കോന്നീ ട്വിറ്റില്‍ പ്രതികരിച്ചു.
റോയല്‍ സൊസൈറ്റി അംഗമായ 72കാരനായ ടിമ്മിന് 2001 ലാണ് ഫിസിയോളജി മെഡിസിനില്‍ നൊബെല്‍ പുരസ്കാരം ലഭിച്ചത്. ടിമ്മിന്റെ പ്രസ്താവന നിഷേധിച്ച് റോയല്‍ സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ടിമ്മിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും അത് റോയല്‍ സൊസൈറ്റിയുടെ അഭിപ്രായമല്ലെന്നും അവര്‍ വെബ്സൈറ്റിലൂടെ പ്രതികരിച്ചു.
-എജെ-