ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ തലപ്പത്തു നടക്കുന്ന അഴിമതികള്‍ പുറം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഇനി എല്ലാ കാര്യങ്ങളും സുതാര്യമാക്കാനാണ് അധികൃതരുടെ തീരുമാനം. അഴിമതിക്കും കോഴയ്ക്കും ഇനി സംഘടനയ്ക്കുള്ളില്‍ സ്ഥാനമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ അന്വേഷണങ്ങള്‍ നടക്കുന്നത്. അടുത്ത ലോകകപ്പുകള്‍ക്ക് വേദിയാകുന്ന റഷ്യയും ഖത്തറും ഈ അന്വേഷണങ്ങളില്‍ ഉള്‍പ്പെടുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ലോകകപ്പ് വേദി നേടിയെടുക്കുന്നതിനായി ഫിഫ ഉന്നതരുമായി കോഴ ഇടപാടു നടന്നിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അഴിമതി നടത്തിട്ടുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും സ്വപ്‌നം കണ്ട ഫുട്‌ബോള്‍ മാമാങ്കം മറ്റു വേദികളിലേക്കു മാറ്റാനും കടുത്ത നടപടിയെടുക്കാനുമാണ് ഫിഫയുടെ നിലവിലെ തീരുമാനമെന്ന് ഫിഫ ഓഡിറ്റിംദ് ആന്റ് കംപ്ലേയ്ന്റസ് കമ്മിറ്റി തലവന്‍ ഡൊമനിക്കോ സ്‌കാല സ്വസ് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് ഫിഫ ഉന്നതസ്ഥാനത്തുള്ള ഒരാള്‍ ലോകകപ്പ് വേദിയെ സംബന്ധിച്ച അന്വേഷണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. അഴിമതി നടത്തിയാണ് ലോകകപ്പ് വേദികള്‍ സ്വന്തമാക്കിയതെങ്കില്‍ അത് ഇരു രാജ്യങ്ങള്‍ക്കും ക്ഷീണമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതു സംബന്ധിച്ചു തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫയുടെ ഈ നിലപാട് ഫിഫയുടെ മുന്‍ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണറിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടെയും വ്യകതമായ പങ്കാളിത്തത്തോടെയുമായിരുന്നു ഫിഫയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ അഴിമതികള്‍ ജന്‍മമെനടുത്തത്. റഷ്യ, ഖത്തര്‍ ലോകകപ്പ് വേദികളെ സംബന്ധിച്ച ഇതേ സംശയങ്ങളും ചോദ്യങ്ങളും 2010 ലെ സൗത്ത് ആഫ്രിക്കന്‍ വേദിയെക്കുറിച്ചും ഉയര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഫിഫയുടെ തലപ്പത്തുള്ളവര്‍ 150 മില്ല്യണ്‍ യുഎസ് ഡോളറാണ് അഴിമതിയിലൂടെ നേടിയെടുത്തത്.
ഫിഫയുടെ ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതി കഥകള്‍ പുറംലോകം അറിഞ്ഞതോടെ പ്രസിഡന്റായിരുന്ന ബ്ലാറ്ററിന്റെ കസേരയും ആടിയുലയുകയായിരുന്നു. അഴിമതിയാരോപണങ്ങള്‍ക്കിടയിലും നടന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ വിജയിച്ചുവെങ്കിലും ആരോപണശരങ്ങള്‍ അദ്ദേഹത്തിന്റെ കസേരയുടെ കാലൊടിച്ചു. ആഴ്ചകള്‍ക്കു മുന്‍പ് അഞ്ചാം തവണയും പ്രസിഡന്റായ ബ്ലാറ്റര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫിഫ പ്രസിഡന്റു സ്ഥാനം രാജിവെച്ചു. ബ്ലാറ്ററിനെതിരെ നിലവില്‍ കേസുകളൊന്നും നിലവിലില്ലെങ്കില്‍ക്കൂടി വാര്‍ണറിനൊപ്പം ചേര്‍ന്ന് അഴിമതി നടത്തിയെന്ന ആരോപണം ശക്തമാണ്. ഇതിനെ സംബന്ധിച്ചു നിരവധി വാര്‍ത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. എന്നാല്‍ ഇവയെല്ലാം ബ്ലാറ്റര്‍ തള്ളിക്കളഞ്ഞു.
ഡി