പ്ലസ് വണ്‍: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച

 

തിരുവനന്തപുരം: ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍നിന്നു വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുളള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. www.hscap. kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പരും ജനനത്തീയതിയും നല്‍കി ട്രയല്‍ ലിസ്റ്റ് പരിശോധിക്കാം. അപേക്ഷകര്‍ക്കുളള നിര്‍ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ട്രയല്‍ ലിസ്റ്റ് ഒന്‍പതു വരെ വിദ്യാര്‍ഥികള്‍ക്കു പരിശോധിക്കാം.

ട്രയല്‍ അലോട്ട്‌മെന്റിനു ശേഷ വും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുളള തിരുത്തല്‍ ആവശ്യമെങ്കില്‍ വരുത്താം. ഇതിനുള്ള അപേക്ഷകള്‍ ഒമ്പതിനു വൈകുന്നേരം അഞ്ചിനു മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കി കിട്ടിയ അലോട്ട്‌മെന്റ് റദ്ദാക്കും. തിരുത്തലുകള്‍ വരുത്താനുളള അവസാന അവസരമാണിത്. ഇത് സംബന്ധിച്ചു പ്രിന്‍സിപ്പല്‍മാര്‍ക്കുളള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഇനിയും കൗണ്‍സലിംഗിനു ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിംഗ് സമിതിക്കു മുന്നില്‍ 25നകം പരിശോധനയ്ക്കു ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.

ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അവ ഏതെങ്കിലും സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കാന്‍ അവസാന അവസരം നല്‍കി. ഒന്‍പതിനു വൈകിട്ട് അഞ്ചിനുള്ളില്‍ അനുബന്ധ രേഖ സഹിതം അപേക്ഷ വെരിഫിക്കേഷനായി നല്‍കണം. എല്ലാ അപേക്ഷകരും ട്രയല്‍ ലിസ്റ്റ് പരിശോധിക്കണം. ഇതിനായി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ഡയറക്ടര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: