ഐറിഷ് പൗരത്വ അപേക്ഷകര്‍ക്ക് ആശ്വാസമായി കോടതി വിധി

ഡബ്ലിന്‍: ഐറിഷ് പൗരത്വ അപേക്ഷകര്‍ തുടര്‍ച്ചയായി വര്‍ഷം രാജ്യത്ത് താമസിക്കണമെന്ന ഹൈകോടതിയുടെ നിരീക്ഷണം അപ്പീല്‍ കോടതി റദ്ദാക്കി. റോഡറിക്ക് ജോണ്‍സ് എന്ന ഓസ്ട്രേലിയകാരന്‍ തന്റെ പൗരത്വ അപേക്ഷ 100 ദിവസം അയര്‍ലന്‍ഡിന് പുറത്തു താമസിച്ചതിനാല്‍ നീതിന്യായ വകുപ്പ് തള്ളിയതിനെതിരെ പരാതി കൊടുത്തപ്പോളാണ് ഹൈ കോടതി ജഡ്ജ്ജി വിവാദപരമായ നിരീക്ഷണം നടത്തിയത്.

ഐറിഷ് പൗരത്വ നിയമത്തിലെ 15.1 വകുപ്പിലാണ് ഐറിഷ് പൗരത്വ അപേക്ഷകര്‍ അപേക്ഷിക്കുന്നതിനു മുമ്പുള്ള ഒരു വര്‍ഷം ‘തുടര്‍ച്ചയായി’ രാജ്യത്ത് ഉണ്ടാവണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എങ്കിലും അവധികാലം ഉള്‍പ്പടെയുള്ള പ്രായോഗിക കാര്യങ്ങള്‍ കണക്കിലെടുത്തു നീതിന്യായ വകുപ്പ് സാധാരണ 6 ആഴ്ചത്തെ ഇളവ് അനുവദിക്കാറുള്ളതാണ്.

100 ദിവസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ച റോഡറിക്ക് ജോണ്‍സിന്റെ അപേക്ഷ തള്ളിയതിനെതിരെ അദ്ദേഹം സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റിസ് മാക്‌സ് ബാരറ്റ് ‘തുടര്‍ച്ചയായി’ ഒരു വര്‍ഷം എന്നത് കര്‍ശനം ആണെന്നും, നീതി ന്യായ വകുപ്പ് അതില്‍ നല്‍കുന്ന ഇളവ് നിയമ വിരുദ്ധമാണെന്നും വിധിച്ചത്.

ഈ വിധിയെ തുടര്‍ന്ന് ഉണ്ടായ അനിശ്ചിതത്തില്‍ പൗരത്വ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവാത്തതിനാല്‍ അടിയന്തര പ്രാധ്യാന്യം നല്‍കിയാണ് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഹൈ കോടതി ജഡ്ജിയുടെ നിരീക്ഷണം അപ്രായോഗികവും , വാച്യാര്‍ത്ഥത്തിലുള്ള വ്യാഖ്യാനവും , അനാവശ്യ കാര്‍ക്കശ്യവും ആയി പോയി എന്നാണ് മൂന്നംഗ ബഞ്ചിന്റെ ഏക്യകണ്ഠമായ വിധി.

എങ്കിലും ആദ്യ പരാതിക്കാരനായ റോഡറിക്ക് ജോണ്‍സിന്റെ അപേക്ഷ തള്ളിയ നീതിന്യായ വകുപ്പെടുത്ത തീരുമാനം നിലനില്‍ക്കുന്നതായും കോടതി അറിയിച്ചു.

ഇതേ തുടര്‍ന്ന് ഭാവിയില്‍ ഇത്തരം നിയമ പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കാന്‍ പൗരത്വ നിയമങ്ങളിലെ വകുപ്പുകളില്‍ മാറ്റം ഉണ്ടാവാനും സാധ്യത തെളിയുന്നു.



Share this news

Leave a Reply

%d bloggers like this: