93 % ഡിസെബിലിറ്റി ഹോമുകളും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

 

ഡബ്ലിന്‍: രാജ്യത്തെ 93 ശതമാനം ഡിസെബിലിറ്റി ഹോമുകളും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു സ്‌റ്റേറ്റ് ഹെല്‍ത്ത് വാച്ച്‌ഡോഗ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എച്ച്എസ്ഇ നടത്തുന്ന ഡിസെബിലിറ്റി ഹോമുകളില്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി(ഹിക്വ) നടത്തിയ 900 ത്തോളം പരിശോധനകളില്‍ നിന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എച്ച്എസ്ഇ നടത്തുന്ന ഡിസെബിലിറ്റി ഹോമുകള്‍ നിലവാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഹിക്വ 2013 നവംബറില്‍ നടത്തിയ പരിശോധയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഹിക്വ നടത്തിയ പരിശോധനയില്‍ ഡിസെബിലിറ്റി ഹോമുകളില്‍ പലതും 18 മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിസെബിലിറ്റി സെന്ററുകളിലെ റസിഡന്‍സിന്റെ അവകാശങ്ങള്‍, ഹെല്‍ത്ത് കെയര്‍ നീഡ്‌സ്, വെല്‍ഫെയര്‍ നീഡ്‌സ്, ജീവനക്കാരുടെ എണ്ണം, മെഡിറ്റേഷന്‍ മാനേജ്‌മെന്റ്, ഭരണപരമായ കാര്യങ്ങള്‍ എന്നിങ്ങനെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ പലതും പാലിക്കപ്പെടുന്നില്ല.

രാജ്യത്ത് എച്ച്എസ്ഇ നടത്തുന്ന 75 കെയര്‍ ഹോമുകളില്‍ ഒന്നിനു പോലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിലവാരമില്ലെന്നും മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയ തീയതി സഹിതം ഹിക്വ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. 1400 സ്ഥലങ്ങളില്‍ എച്ച്എസ്ഇ നടത്തുന്ന യൂണിറ്റുകളിലൂടെ 8000 പേര്‍ക്ക് റെസിഡന്‍ഷ്യല്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇതിനായി ഓരോ വര്‍ഷവും 900 മില്യണ്‍ യൂറോയാണ് ചെലവഴിക്കുന്നത്.

ഹിക്വയുടെ പരിശോധനകളെ എച്ച്എസ്ഇ സ്വാഗതം ചെയ്തു. ഹിക്വ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹിക്വയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും കെയര്‍ ഹോമുകളുടെ നിലവാരമുയര്‍ത്തുമെന്നും എച്ച്എസ്ഇ അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: