വെനസ്വേലയില്‍ അട്ടിമറി നടത്താന്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടി ഗ്വീഡോ…

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെകൊണ്ട് രാജിവെപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വീഡോ. യുഎസ് സൈനികരുമായി ഉടന്‍ ബന്ധം സ്ഥാപിക്കാന്‍ വാഷിംഗ്ടണിലുളള തന്റെ പ്രതിനിധിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഒരു ബഹുജന റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. ഒരുദിവസം പോലും മഡൂറോയെ സഹിക്കാനുള്ള ശേഷി വെനസ്വേലന്‍ ജനതയ്ക്കില്ലെന്ന് ഗ്വീഡോ പറഞ്ഞത് കയ്യടികളോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. അമേരിക്കയെ മുന്നില്‍നിര്‍ത്തി മഡൂറോയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് അദ്ദേഹം പയറ്റിക്കൊണ്ടിരിക്കുന്നത്.

മഡൂറോയെ പുറത്താക്കാന്‍ ‘ഏതറ്റം വരെയും പോകു’മെന്ന ട്രംപ് ഭരണകൂടത്തിന്റെ അതേ വാക്കുകളാണ് ഗ്വീഡോയും ആവര്‍ത്തിക്കുന്നത്. എന്നാല്‍ അത്തരമൊരു ഉദ്യമത്തിന് അമേരിക്ക തയ്യാറായേക്കില്ല എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. പക്ഷെ, വെനസ്വേലയും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം ശക്തമാകുംതോറും സൈനിക നടപടിക്കായുള്ള മുറവിളികളും കൂടുതല്‍ ശക്തമായി ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം വെനിസ്വേലന്‍ കടല്‍തീരത്ത് യുഎസ് തീരദേശ സേനയുടെ അനധികൃതമായ കടന്നുകയറ്റമുണ്ടായതായി വെനിസ്വേലന്‍ പ്രതിരോധമന്ത്രി വ്‌ളാഡിമിര്‍ പാഡ്രിനൊ പറഞ്ഞു. എന്നാല്‍, അതിനു തെളിവുകളൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വെനിസ്വേലന്‍ നാവികസേനയുടെ സമയോചിതമായ ഇടപെടല്‍മൂലം അവര്‍ക്ക് പിന്തിരിയേണ്ടി വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ അസംബ്ലിയുടെ തലവന്‍ എന്ന നിലയില്‍ മഡൂറോയെ പുറത്താകാനുള്ള ശക്തമായ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ഗ്വീഡോ. അതിനായി അമേരിക്കയടക്കമുള്ള 50-ലധികം രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം തേടിയിട്ടുണ്ട്. യുഎസ് സൈനിക ഉദ്യോഗസ്ഥരുമായി അടുത്തുതന്നെ ഒരു കൂടിക്കാഴ്ച നടത്തുമെന്നും ഗ്വീഡോ പ്രഖ്യാപിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഈ ബൊളീവിയന്‍ വിപ്ലവത്തിന് അന്ത്യം കുറിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

ആറു വര്‍ഷം നീണ്ട നിക്കോളസ് മഡൂറോ ഭരണം ഇനി വേണ്ടെന്ന് പ്രഖ്യാപിച്ചാണ് വാന്‍ ഗ്വീഡോയെന്ന പ്രതിപക്ഷ പ്രതിപക്ഷ നേതാവ് സ്വയം പ്രസിഡന്റ് പദവി ഏറ്റെടുത്തത്. ഇനിയും ഗ്വീഡോയെ അംഗീകരിച്ചില്ലെങ്കില്‍ മഡൂറോയെ എങ്ങനെ വരുതിക്ക് വരുത്തണമെന്നറിയാമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ തുറന്നടിച്ചിരുന്നു. ഈ അമേരിക്കന്‍ നിലപാട് മഡൂറോയെ ചൊടിപ്പിച്ചു. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന കര്‍ശന നിര്‍ദേശവും നല്‍കി.

രണ്ടാഴ്ച മുമ്പാണ് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട നിക്കോളാസ് മഡൂറോ വീണ്ടും ഭരണത്തി്‌ലേറിയത്. എന്നാല്‍ വ്യാപക ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടിയതോടെ മഡൂറോയും പാര്‍ട്ടിയും കനത്ത പ്രതിസന്ധിയിലായി. പാര്‍ലമെന്റ് ചെയര്‍മാനായി വാന്‍ ഗ്വീഡോ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. മഡൂറോ വീണ്ടും അധികാരത്തിലെത്തുന്നത് തികഞ്ഞ ഏകാധിപത്യവും അധികാരം പിടിച്ചെടുക്കലുമാണെന്ന് ഗ്വീഡോ പറഞ്ഞു. ഒരു പടികൂടി കടന്ന്, ജനാധിപത്യം വീണ്ടെടുക്കാന്‍ സൈന്യത്തിന്റെ സഹായവും അദ്ദേഹം അഭ്യര്‍ഥിച്ചു.

അമേരിക്കയുടെ ‘പാവ’യാണ് ഗ്വീഡോയെന്നും, വെനസ്വേലയുടെ എണ്ണ സമ്പത്തില്‍ കണ്ണുവെച്ചാണ് അമേരിക്ക ഈ നാടകങ്ങളെല്ലാം കളിക്കുന്നതെന്നും മഡൂറോ ട്വീറ്റ് ചെയ്തു. ‘അമേരിക്കക്ക് ബൊളീവിയന്‍ വിപ്ലവം അവസാനിച്ചു കാണണം. എന്നാല്‍ സാമൂഹ്യ നീതിയെന്തെന്ന് ഞങ്ങള്‍ ലോകത്തിനു കാണിച്ചു തരാം’ എന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: