രോഗികളുടെ കാത്തിരിപ്പ് എന്ന് അവസാനിക്കും? ഉത്തരം നല്‍കാതെ എച്ച്.എസ്.ഇ

ഡബ്ലിന്‍: ഓരോ മാസത്തേയും കണക്കെടുപ്പുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിങ് ലിസ്റ്റില്‍പ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ കുറവില്ല. നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേഴ്‌സ് ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 718,000 രോഗികളാണ് കഴിഞ്ഞ മാസം അവസാനം വരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടരുന്നത്. രാജ്യത്തെ എല്ലാ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ലെന്നും വെയിറ്റിങ് ലിസ്റ്റിലുള്ള രോഗിയാളുടെ എണ്ണത്തില്‍ അടിക്കടി വര്‍ധന വന്നുകൊണ്ടിരിക്കുകയാണെന്നും നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ 514,585 രോഗികളും ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 74,189 പേരുമാണ് അപ്പോയ്‌മെന്റിനായി കാത്തിരിക്കുന്നത്. 48,000 കുഞ്ഞുങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ മൂന്നില്‍ ഒരുഭാഗം കുഞ്ഞുങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇന്‍പേഷ്യന്റ് അപ്പോയ്മെന്റിനായി കാത്തിരിക്കുന്നവരാണ്. രണ്ടു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ പതിനായിരത്തിലധികമാണ് ഈ കണക്കെന്നും വ്യക്തമാകുന്നു. വെയിറ്റിങ് ലിസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. ഇന്‍പേഷ്യന്റ് അപ്പോയ്മെന്റുകള്‍ ഒരു ദിവസം രാത്രിയെങ്കിലും ആശുപത്രിയില്‍ തങ്ങുന്ന കേസുകളാണ്. അതേസമയം ഔട്ട്പേഷ്യന്റ് അപ്പോയ്മെന്റുകളോ പ്രോസീജറുകളോ പകല്‍ സമയത്ത് ചെയ്തു തീര്‍ക്കാവുന്ന കേസുകളാണ്. ഇതില്‍ 12,000 രോഗികളുടെ അപ്പോയ്‌മെന്റുകള്‍ വിവിധ കാരണങ്ങളാല്‍ റദ്ദാക്കിയിട്ടുണ്ട്.

വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തില്‍ ഗാല്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് ഏറ്റവും മുന്‍പന്തിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. 50,000 ത്തോളം പേരാണ് ഇവിടെ ഇന്‍പേഷ്യന്റ്, ഡേ കേസ്, ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലായി വെയിറ്റിങ് ലിസ്റ്റില്‍ ഉള്ളത്. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാകട്ടെ 36,500 പേരാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ അപ്പോയ്‌മെന്റ് കാത്തിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഡബ്ലിന്‍ മേറ്റര്‍ ഹോസ്പിറ്റലാണ്.

വെയിറ്റിങ് ലിസ്റ്റിന്റെ വലിപ്പം കണ്ട് ഞെട്ടരുതെന്നും ഇതില്‍ അപ്പോയ്‌മെന്റ് ലഭിച്ചവരും ഇനി ലഭിക്കാനുള്ളവരും, വാര്‍ഷിക ചെക്കപ്പിനായി കാത്തിരിക്കുന്നവരുടെതുമായ വലിയ സംഖ്യയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി വരേദ്കര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. അതേസമയം ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഗവണ്മെന്റ് പരാജയമെന്ന് ഫിയാന ഫോള്‍ വക്താവ് സ്റ്റീഫന്‍ ഡോണലി പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന്റെ പങ്കും കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല മേഖലകളിലും വേണ്ടത്ര കണ്‍സള്‍ട്ടന്റുമാരില്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയികളിലെ തിരക്ക് മൂലം സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന കേസുകളും വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തങ്ങള്‍ എച്ച്.എസ്.ഇ ക്രമപ്പെടുത്താതിരുന്നത് എന്നൊരു വിമര്‍ശനം ഉയരുന്നുണ്ട്. പൊതു ആശുപത്രി സംവിധാങ്ങള്‍ പുനഃക്രമീകരിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടും ആശുപത്രികളില്‍ അടിസ്ഥാന വികസന സൗകര്യമോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാത്ത സ്ഥിതി വിശേഷം തീര്‍ത്തും അപലപനീയം തന്നെയാണ്. ആരോഗ്യ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ഇപ്പോള്‍ നേരിടുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് താല്‍ക്കാലികമായ ശമനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: