ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള ചലച്ചിത്രം ”പോപ്പ് ഫ്രാന്‍സിസ് – എ മാന്‍ ഓഫ് ഹിസ് വേഡ്” തീയറ്ററുകളില്‍

വത്തിക്കാന്‍: ഇടപെടലുകളിലൂടെയും നിലപാടുകളിലൂടെയും ഹൃദ്യമായ പെരുമാറ്റത്തിലൂടെയും ലോകത്തിന്റെ മനംകവര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം അഭ്രപാളിയില്‍. ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള സിനിമ പോപ് ഫ്രാന്‍സിസ്- എ മാന്‍ ഓഫ് ഹിസ് വേഡ് തിയറ്ററുകളിലെത്തി. അമേരിക്കയിലെ നൂറോളം തിയറ്ററുകളിലും യുകെയിലുമാണ് ചിത്രം റിലീസ് ചെയ്തത്.

ലോകജനതയുടെ ഹൃദയം കവര്‍ന്ന ജനകീയരായ മാര്‍പാപ്പമാരില്‍ ഒരാളായ ഫ്രാന്‍സിസ് പാപ്പായുടെ ലളിത ജീവിതം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലോകത്തിനുതന്നെ പ്രചോദനമാകുന്ന ഇദ്ദേഹത്തിന്റെ ജീവിതം ഡോക്യുമെന്ററി ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തിച്ചത്. മനുഷ്യ സ്‌നേഹിയായ, മാനവികതയുടെ പര്യായമായ, ഒരു മഹത് വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. പ്രസംഗങ്ങളല്ല, പ്രവൃത്തിയാണ് പ്രധാനമെന്ന ആശയമാണ് അദ്ദേഹത്തിന്റെ ജീവിതം ലോകത്തോടു പറയുന്നത്. ഒരു ജീവചരിത്രം എന്നതിലുപരി പാപ്പായോടൊപ്പമുള്ള വ്യക്തിഗത യാത്ര എന്ന രീതിയിലാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്.

സുപ്രസിദ്ധ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലൂടെ കുടുംബങ്ങളുടെ ദൗത്യം, ഭൗതികത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യനീതി, മരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പാപ്പാ സംവദിക്കുന്നുണ്ട്. തിരുസഭയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ദരിദ്രരെക്കുറിച്ചുള്ള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവയ്ക്കുന്നു. ഓരോ കാഴ്ചക്കാരനും ഫ്രാന്‍സിസ് പാപ്പായോട് മുഖാമുഖം സംസാരിക്കുന്നു എന്ന പ്രതീതിയുളവാക്കുന്ന ശൈലിയിലുള്ള സംവാദരൂപമാണ് ചിത്രത്തിന്റെ പ്രത്യേകത.

വത്തിക്കാന്‍ കമ്യൂണിക്കേഷന്‍ വിഭാഗം തലവനായ മോന്‍ഡോരിയോ വിഗാനോയാണ് ഡോക്യുമെന്ററി യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. വത്തിക്കാന്‍ ടിവി ആര്‍ക്കൈവ്‌സിലെ ചിത്രങ്ങളും വീഡിയോകളും ഈ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറില്‍ മൂന്നു പ്രാവശ്യം അക്കാഡമി അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ജര്‍മന്‍ സംവിധായകനാണ് ചിത്രം ഒരുക്കിയ വിം വെന്‍ഡേഴ്‌സ്. ഇന്നു ലോകത്തിലെ അതിശക്തരായ ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കളും മാര്‍പാപ്പയ്‌ക്കൊപ്പം ചിത്രത്തില്‍ എത്തിയിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍, മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ് കെറി, ജര്‍മനിയുടെ പ്രഥമ വനിതാ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ഇസ്രയേലിന്റെ മുന്‍ പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്ന ഷിമോണ് പെരസ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പത്‌നി മെലാനിയ ട്രംപ് എന്നിവരെ കൂടാതെ സംവിധായകന്‍ വിം വണ്ടേഴ്‌സും ഡോക്യുമെന്ററിയില്‍ മാര്‍പാപ്പയ്‌ക്കൊപ്പം മിന്നിമറയുന്നു. ലോറന്റ് പെറ്റിഗന്റാണ് ചിത്രത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത്. നിര്‍ മാക്‌സിന്‍ ഗോഡിക് എഡിറ്റിംഗ് നിര്‍വഹിച്ചു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: