71 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 

മോസ്‌കോ: റഷ്യന്‍ വിമാനം 71 യാത്രക്കാരുമായി തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം തകര്‍ന്നു വീണു. ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. യാത്രക്കാര്‍ ആരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ എമര്‍ജന്‍സി സര്‍വീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യതലസ്ഥാനത്തെ ദോമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. ഓര്‍ക്സ് നഗരത്തിലേക്ക് പോവുകയായിരുന്നു വിമാനം. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉള്ളതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

തീപ്പിടിച്ച നിലയില്‍ വിമാനം താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് ഗ്രാമവാസികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണ്. മഞ്ഞ് മൂടിയ പ്രദേശത്ത് വീണുകിടക്കുന്ന വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു.

ഏഴുവര്‍ഷം പഴക്കമുള്ള റഷ്യന്‍ നിര്‍മ്മിത വിമാനം കഴിഞ്ഞ വര്‍ഷമാണ് സരട്ടോവ് എയര്‍ലൈന്‍സ് വാങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി 150 പേര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്താണ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്. ഗതാഗത മന്ത്രിയടക്കമുള്ളവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

എ എം

 

Share this news

Leave a Reply

%d bloggers like this: