കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം

കേരളീയരുടെ ഇഷ്ടവിഭവമായ ചക്ക ഇനിമുതല്‍ സംസ്ഥാന ഫലമായി അറിയപ്പെടും. . സംസ്ഥാന പക്ഷി, സംസ്ഥാന പൂവ് എന്നിവയ്ക്കെല്ലാം ഒടുവിലാണ് ചക്കയ്ക്ക് കേരളത്തിന്റെ് സംസ്ഥാന ഫലമെന്ന പേരു ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 21 ന് നടത്തുന്ന കാര്‍ഷിക വകുപ്പിന്റെ പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

വീട്ടുപറമ്പുകളിലും വഴിവക്കിലുമൊക്കെ സുലഭമായി കാണാവുന്ന ചക്കയോടുള്ള പ്രിയം പണ്ടേ കേരളീയര്‍ക്കുള്ളതാണ്. ഒരുവിധത്തിലുള്ള കീടനാശിനികളോ രാസവളങ്ങളോ കലരാത്ത ചക്ക ഒരുപാട് ആരോഗ്യഗുണമുള്ള ഭക്ഷ്യവിഭവമാണ്. ഇപ്പോള്‍ പലതരത്തിലുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി നമ്മുടെ തീന്‍മേശയിലേക്കെത്തുന്ന ചക്കയ്ക്ക് വിദേശത്തും പ്രിയമേറിവരുകയാണ്.

മരത്തിലുണ്ടാകുന്ന പഴവര്‍ഗ്ഗങ്ങളില്‍ വലുപ്പത്തില്‍ മാത്രമല്ല, പോഷകഗുണത്തിലും ഒന്നാം സ്ഥാനമാണ് ചക്കയ്ക്ക്. കേരളത്തില്‍ ഏകദേശം രണ്ടരലക്ഷത്തോളം പ്ലാവുകളുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ഒരുവര്‍ഷം ശരാശരി 350 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്. ഇതില്‍ വലിയൊരു ഭാഗം പാഴായിപോകുന്നുണ്ട്. വെറുതെ നശിക്കുന്ന ചക്കയുടെ സംസ്‌ക്കരണ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ ചക്കവിഭവങ്ങള്‍ വിപണിയിലിറക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പ്രതിവര്‍ഷം 1500 കോടിരൂപയുടെ വരുമാനമാണ് കൃഷിവകുപ്പ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

കേരള ജാക്ക്ഫ്രൂട്ട് എന്ന പേരില്‍ ഇന്ത്യക്ക് അകത്തും പുറത്തും കാര്യമായ പ്രചാരണം നല്‍കി മാര്‍ക്കറ്റ് നേടാനാണ് സര്‍ക്കാര്‍ ആലോചിച്ചു വരുന്നത്. ചക്കയുടെ പോഷകഗുണത്തെ എടുത്തു കാണിച്ചും ജൈവ രീതിയെ പ്രചരിപ്പിച്ചും ലാഭമുണ്ടാക്കാന്‍ കഴിയുമെന്നത് കര്‍ഷകര്‍ക്ക് ഗുണകരമാകും. ചക്കയ്ക്കും ചക്ക അനുബന്ധ ഉത്പ്പന്നങ്ങള്‍ക്കും പ്രചാരം നല്‍കി ഉത്പാദനം കൂട്ടാനാണ് ഇപ്പോഴത്തെ ഉദ്ദേശമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. 15,000 കോടി രൂപയുടെ വിറ്റു വരവാണ് ഇതോടുകൂടെ കേരളത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ചക്കമേളകള്‍ നടത്തും. ചക്ക ഉത്പ്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനായി വയനാട് അമ്പലവയലില്‍ റിസര്‍ച്ച് സെന്റര്‍ തുറന്നിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: