62ാം വയസ്സില്‍ അമ്മയായി വാര്‍ത്തകളില്‍ ഇടം നേടിയ ഭവാനിയമ്മ കണ്ണനരുകിലേക്ക് യാത്രയായി

 

അറുപത്തിരണ്ടാം വയസില്‍ അമ്മയായി വാര്‍ത്തകളില്‍ നിറഞ്ഞ ഭവാനിയമ്മ അന്തരിച്ചു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂവാറ്റുപുഴ കാവുംകര സ്വദേശിനിയയ ഭവാനിയമ്മ ഏറെ നാളുകളായി വയനാട് പിണങ്ങോടിയിലെ പീസ് വില്ലേജില്‍ കഴിയുകയായിരുന്നു വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ഭവാനിയമ്മയുടെ മരണം.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു. മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്ന ഭവാനിയമ്മ. പതിനെട്ടാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട അവരുടെ ദാമ്പത്യബന്ധത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഒരു കുഞ്ഞുണ്ടായില്ല .

ഇത് ജീവിതത്തിന്റെ താളം തെറ്റിച്ചു.ഒടുവില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അമ്മയാകാനും കുഞ്ഞിനെ മാറോടണയ്ക്കാനുമുള്ള മോഹം അവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് നയിച്ചു.പക്ഷേ ഈ ബന്ധവും സമ്മാനിച്ചത് നിരാശ മാത്രം. ഒടുവില്‍ ഭവാനിഅമ്മ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു.

പ്രതീക്ഷിച്ചപോലെ ഭര്‍ത്താവിന് രണ്ടാം ഭാര്യയില്‍ കുഞ്ഞുണ്ടായി. പക്ഷേ കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും അനുവദിച്ചില്ല. പിന്നീടാണ് ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കാന്‍ തീരുമാനിക്കുന്നത്. എല്ലാ പ്രതിസന്ധികളും മറികടന്നു ഭവാനിയമ്മ അമ്മയായി. 2004 ഏപ്രില്‍ പതിനാലിനാണ് ആണ്‍കുഞ്ഞിന് ഭവാനിയമ്മ ജന്മം നല്‍കിയത്. തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ടെസ്റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെയാണ് ഭവാനിയമ്മ ഗര്‍ഭം ധരിച്ചത്. കുഞ്ഞിന് കണ്ണനെന്ന് പേരിട്ടു. പക്ഷെ സന്തോഷം നീണ്ടുനിന്നത് രണ്ടു വര്‍ഷങ്ങള്‍ മാത്രമായിരുന്നു.കളിക്കുന്നതിനിടെ വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ വീണു കുഞ്ഞു മരിച്ചു . ഭവാനിയമ്മ വീണ്ടും തനിച്ചായി.

ഇതോടെ മൂവാറ്റുപുഴയിലെ വീടുവിട്ട് കുമളിയിലേക്ക് താമസം മാറ്റി. പിന്നീടാണ് വയനാട്ടില്‍ താമസം ആരംഭിച്ചത് .ഇവിടെ കുഞ്ഞുങ്ങള്‍ക്ക് ഗണിതാധ്യാപികയായും വയോജനവേദി പ്രവര്‍ത്തകയായും മറ്റും പൊതുരംഗത്ത് സജീവമായി കഴിയുകയായിരുന്നു. .ഇതിനിടെ ഒരു ദിവസം അവര്‍ കുഴഞ്ഞു വീണു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി ചികില്‍സയിലായിരുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: