53,310 കോടി രൂപയുടെ ടെലിസ്‌കോപ്പുമായി നാസ

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ടെലിസ്‌കോപ്പ് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ഭീമന്‍ ടെലിസ്‌കോപ്പ് അടുത്ത വര്‍ഷം വിക്ഷേപിക്കാന്‍ കഴിയുമെന്ന് നാസ. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ പദ്ധതിയാണിത്. ഭൂമിയില്‍ നിന്ന് പത്ത് ലക്ഷം മൈല്‍ അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലിസ്‌കോപ്പ് ഉപയോഗിക്കുക.

ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് നാസയുടെ പുതുതലമുറ ടെക്‌നോളജിയാണ്. കെപ്ലര്‍ പോലെ ബഹിരാകാശത്ത് വന്‍ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ സഹായിക്കുന്നതാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്. ഈ ടെലിസ്‌കോപ്പ് കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വന്‍ കണ്ടെത്തലുകള്‍ നടത്താനാകുമെന്നാണ് നാസ ഗവേഷകര്‍.

സ്വര്‍ണ കണ്ണാടിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ടെലിസ്‌കോപ്പിന്റെ ചിലവ് എട്ടു ബില്ല്യന്‍ ഡോളറാണ് ( ഏകദേശം 53,310 കോടി രൂപ). പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്‌പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങി വസ്തുതകള്‍ ഈ ടെലിസ്‌കോപ്പ് പഠനവിധേയമാക്കും. ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജീവന്റെ ഉദ്ഭവം എന്നിവ കണ്ടെത്താനും ഇത് സഹായിക്കും.

കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിര്‍മാണം പൂര്‍ത്തിയായത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി, സ്പിറ്റ്‌സര്‍ ബഹിരാകാശ ദൂരദര്‍ശിനി എന്നിവയേക്കാള്‍ ഏറ്റവും മികച്ചതാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്. ഇതിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.

1996 ലാണ് ഗവേഷകര്‍ ഇത്തരമൊരു സംരംഭത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നത്. 17 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിതെന്നതും ശ്രദ്ധേയമാണ്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയും ഇതിന്റെ ഭാഗമാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലിസ്‌കോപ്പിനു നല്‍കിയത്. നെക്സ്റ്റ് ജനറേഷന്‍ ബഹിരാകാശ ദൂരദര്‍ശിനി എന്നായിരുന്നു ആദ്യം പദ്ധതിക്ക് പേരിട്ടിരുന്നത്.

ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ളതാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ സ്വര്‍ണത്തില്‍ നിര്‍മിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരു പോലെ പ്രവര്‍ത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇന്‍ഫ്രാറെഡിനെ നേരിടാന്‍ ശേഷിയുള്ളതിനാല്‍ പ്രപഞ്ചപദാര്‍ഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാന്‍ സഹായിക്കും.

https://youtu.be/7LU5gJClJpI

 
എ എം

Share this news

Leave a Reply

%d bloggers like this: