ഇന്ന് ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത: സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്

സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമെന്ന് വിദഗ്ധര്‍. അവധി കഴിഞ്ഞ് ഇന്ന് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജന്‍സി യൂറോപോള്‍ മുന്നറിയിപ്പ് നല്കി. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സി എന്‍.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുന്നിര രാഷ്ട്രങ്ങളെയൊന്നാകെ മുള്‍മുനയിലാക്കിയിട്ടുണ്ട്. ‘വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധ കമ്പ്യൂട്ടര്‍ ശൃംഖലകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

അയര്‍ലന്റിലും സൈബര്‍ അറ്റാക്ക് നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എച്ച്.എസ്.ഇ.യുടെ കീഴിലുള്ള വെക്‌സ്‌ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രമാണ് സൈബര്‍ അറ്റാക്ക് ബാധിച്ച അയര്‍ലണ്ടിലെ സ്ഥാപനം. അറ്റാക്കില്‍ നിന്നും ലോകത്തെ തന്നെ രക്ഷിച്ച ടെക്ക് എക്‌സ്‌പേര്‍ട്ടാണ് അയര്‍ലണ്ടും അറ്റാക്ക് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് വെളിപ്പെടുത്തിയത്.എച്ച്.എസ്.ഇ. ഫണ്ട് ചെയ്യുന്ന വെക്‌സ്‌ഫോര്‍ഡിലെ ചെറിയൊരു ഹെല്‍ത്ത് സെന്ററാണ് ആക്രമണത്തിന് വിധേയമായത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇതിനെ ചെറുക്കാന്‍ കഴിഞ്ഞത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അറ്റാക്ക് ബാധിച്ച ഹാര്‍ഡ്വെയര്‍ സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്തതോടെയാണ് പ്രശ്‌നം രൂക്ഷമാകാതെ പോയത്. ഇതിനിടയില്‍ അറ്റാക്ക് ഉണ്ടാകാതിരിക്കാനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് എച്ച്.എസ്.ഇ. എടുക്കുന്നത്. അടുത്ത ആഴ്ച വരെ സിസ്റ്റം സുരക്ഷിതമായിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാകുമെന്ന് എച്ച്.എസ്.ഇ. അറിയിച്ചു.

കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന ‘റാന്‍സംവെയര്‍’ ദുഷ്‌പ്രോഗ്രാമുകളുടെ ആക്രമണം യൂറോപ്യന്‍ രാജ്യങ്ങളെയാണ് ആദ്യമായി ബാധിച്ചത്. ഏറ്റവും കൂടുതല്‍ ബാധിച്ച ബ്രിട്ടനില്‍ നൂറോളം ആശുപത്രികളുടെ പ്രവര്‍ത്തനം തകരാറിലായി. ഇന്ത്യയില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളില്‍ പൊലീസിന്റെ് 18 യൂനിറ്റുകള്‍ ആക്രമണത്തിനിരയായി. ഇന്ത്യയില്‍ നൂറോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനം നിലച്ചതായി ദേശീയ സൈബര്‍ സുരക്ഷ ഉപദേഷ്ടാവ് ഗുല്‍ഷന്‍ റായി അറിയിച്ചു.

വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ അക്രമണഭീഷണി കുറവാണ്. എങ്കിലും, പല വകുപ്പുകളിലും മൈക്രോസോഫ്റ്റ് ലൈസന്‍സ് ഇല്ലാത്ത ഒഎസുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആശങ്കയുണ്ട്. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ മാറ്റി ലൈസന്‍സ് ഉള്ള ഒഎസുകള്‍ ഉപയോഗിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയേക്കും.

ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് ലോകമെമ്പാടുമുള്ള ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അതേസമയം, വാനാക്രൈ ആദ്യരൂപത്തെ വീണ്ടും സജീവമാക്കാനുള്ള ശ്രമം അക്രമികള്‍ ആരംഭിച്ചിട്ടുമുണ്ട്. സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി) കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. മഹാരാഷ്ട്ര പൊലീസ് വകുപ്പിനെ ഭാഗികമായി ബാധിച്ചു. ഇന്ത്യയിലെ ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍ ഉള്‍പ്പടെ വിവിധ എജന്‍സികള്‍ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍, ബാങ്കുകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ച് നിശ്ചലമായ കംപ്യൂട്ടറുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തതിനാല്‍ പല രാജ്യങ്ങളും സ്തംഭനാവസ്ഥയിലാണ്.

ബാങ്കിങ്, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങളാണ് കൂടുതലായി ആക്രമണത്തിനിരയായത്. വാഹന നിര്‍മാതാക്കളായ റെനോ, നിസാന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെക്കേണ്ടിവന്നു. റഷ്യ, യുക്രെയ്ന്‍, തായ്വാന് എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ഇരയായ മറ്റു രാജ്യങ്ങള്‍. അവിചാരിത ഇടപെടല്‍ വഴി ബ്രിട്ടീഷ് സൈബര്‍ വിദഗ്ധന്‍ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തല്‍ക്കാലം തടയിട്ടിട്ടുണ്ടെങ്കിലും ഏതുനിമിഷവും തിരിച്ചുവരാമെന്ന് മുന്നറിയിപ്പുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: