5 ലക്ഷത്തോളം രോഗികള്‍ ചികിത്സയ്ക്കായി വെയ്റ്റിങ് ലിസ്റ്റില്‍; നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേഴ്സ് ഫണ്ട് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഓരോ മാസത്തേയും കണക്കെടുപ്പുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ തുടരുന്ന രോഗികളുടെ എണ്ണത്തില്‍ കുറവില്ല. നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേഴ്സ് ഫണ്ട് (NTPF) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 5 ലക്ഷത്തോളം രോഗികളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 515,547 രോഗികളാണ് കഴിഞ്ഞ മാസം അവസാനം വരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തേക്കാള്‍ 962 രോഗികളുടെ വര്‍ധനവ്. രാജ്യത്തെ എല്ലാ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ലെന്നും വെയിറ്റിങ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണത്തില്‍ അടിക്കടി വര്‍ധന വന്നുകൊണ്ടിരിക്കുകയാണെന്നും നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവില്‍ നിന്ന് അല്പം ആശ്വാസം ഉണ്ടായിട്ടുണ്ട്.

അതേസമയം സര്‍ജറിക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ സെപ്റ്റംബറില്‍ 1,471 പേരുടെ കുറവ് വന്നിട്ടുണ്ട്. ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ 4,155 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 72,718 രോഗികളും ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 86,100 പേരുമാണ് അപ്പോയ്മെന്റിനായി കാത്തിരിക്കുന്നത്. ഇതില്‍ മൂന്നില്‍ ഒരുഭാഗം കുഞ്ഞുങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇന്‍പേഷ്യന്റ് അപ്പോയ്‌മെന്റിനായി കാത്തിരിക്കുന്നവരാണ്. ഇന്‍പേഷ്യന്റ് അപ്പോയ്‌മെന്റുകള്‍ ഒരു ദിവസം രാത്രിയെങ്കിലും ആശുപത്രിയില്‍ തങ്ങുന്ന കേസുകളാണ്. അതേസമയം ഔട്ട്‌പേഷ്യന്റ് അപ്പോയ്‌മെന്റുകളോ പ്രോസീജറുകളോ പകല്‍ സമയത്ത് ചെയ്തു തീര്‍ക്കാവുന്ന കേസുകളാണ്.

കാത്തിരിപ്പ് പട്ടികയിലെ രോഗികളുടെ എണ്ണം കുറഞ്ഞുവെന്നും ഗവണ്‍മെന്റിന്റെ ഫണ്ട് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു, 2017 ജൂലൈയിലെ റെക്കോര്‍ഡ് വര്‍ധനവില്‍ നിന്ന് 16 ശതമാനം കുറവാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബജറ്റില്‍ നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേഴ്സ് ഫണ്ട് 20 മില്യണ്‍ യൂറോ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ മൊത്തം ഫണ്ട് 75 മില്യണ്‍ യൂറോ ആണ്. ഫണ്ട് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ 2019 അവസാനത്തോടെ കാത്തിരിപ്പ് രോഗികളുടെ എണ്ണം 59,000 ആയി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 14 മാസത്തിനിടയ്ക്ക് ഗണ്യമായ കുറവുണ്ടായതായി NTPF ചീഫ് എക്‌സിക്യൂട്ടീവ് ലിയാം സ്ലോയന്‍ പറഞ്ഞു. HSE യോടും ആരോഗ്യ വകുപ്പിനോടും ഒന്നിച്ച് ഇന്‍പേഷ്യന്റ്, ഡേ കേസ് രോഗികളുടെ കാത്തിരിപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് NTPF വിഭാഗം അറിയിച്ചു.

ഐറിഷ് ആരോഗ്യമേഖലയില്‍ അധിക നിക്ഷേപം നടത്താനുള്ള ബജറ്റിലെ തീരുമാനത്തെ INMO സ്വാഗതം ചെയ്തിരുന്നു. അതേസമയം നേഴ്സിങ്, മിഡ് വൈഫറി റിക്രൂട്ട്‌മെന്റ്, ശമ്പള വര്‍ധനവ് തുടങ്ങിയ അടിയന്തിര പ്രശ്‌നങ്ങളില്‍ കണ്ണടച്ചതില്‍ INMO പ്രധിഷേധം അറിയിച്ചു. മതിയായ നഴ്‌സുമാരും മിഡ് വൈഫുമാരെയും നിയമിക്കുവാനും നിലനിര്‍ത്താനും എച്ച്.എസ്.ഇക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് INMO ആരോപിച്ചു.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: