370 യാത്രക്കാരുമായി ന്യൂയോര്‍ക്കിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്നൊഴിവായത് തലനാരിഴയ്ക്ക്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ 11 നായിരുന്നു സംഭവം. എഐ 101 എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇറങ്ങാന്‍ സാധിക്കാതെ വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.

എന്നാല്‍ അധികനേരം ഈ അവസ്ഥയില്‍ പറക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം വിമാനത്തില്‍ ഇന്ധനം കുറഞ്ഞുവരുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ റസ്റ്റം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വിമാനത്തില്‍ ആകെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് വിമാനം എത്ര ഉയരത്തിലാണെന്ന് കണക്കാക്കാന്‍ സഹായിക്കുന്ന ആള്‍ട്ടിമീറ്റര്‍ മാത്രമായിരുന്നു.

ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ തകരാറിലായതോടെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദ്ദേശം വന്നു. മേഘാവൃതമായ ആകാശത്തുനിന്ന് റണ്‍വേ വ്യക്തമായി കാണുന്നതിനായി പൈലറ്റ് 400 അടിയിലേക്ക് വിമാനത്തെ താഴ്ത്തി. യന്ത്രസഹായങ്ങളൊന്നുമില്ലാതെ മനുഷ്യ സാധ്യമായ മാര്‍ഗങ്ങളും കണക്കുകൂട്ടലുകളുമുപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെവാര്‍ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്.

മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് പൈലറ്റ് 370 യാത്രക്കാരെ വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലൊന്നാണ് ബോയിങ് 777-300. സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: