335 കിലോമീറ്റര്‍ വേഗതയില്‍ ഡോറിയന്‍ എത്തി; തരിശുഭൂമിയായി ബഹാമാസ്

ബഹാമാസ് : വടക്കന്‍ ബഹാമസില്‍ വന്‍ നാശംവിതച്ചുകൊണ്ട് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങുകയാണ്. ഗ്രേറ്റ് അബാകോ, ഗ്രാന്‍ഡ് ബഹാമ ദ്വീപുകളില്‍ മാത്രം ഇതുവരെ 13,000 വീടുകളെങ്കിലും തകര്‍ത്തിട്ടുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍കൂടെ ഈ ദ്വീപുകളില്‍ തന്നെ കാറ്റ് ആഞ്ഞുവീശും. ഗ്രാന്‍ഡ് ബഹാമ ദ്വീപിലെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നും ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബാക്കോ ദ്വീപുനിവാസികളോടും അഭയകേന്ദ്രങ്ങളില്‍തന്നെ തുടരണമെന്നും നിര്‍ദേശിക്കുന്നു.

അറ്റ്ലാന്റിക് മേഖലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ ഡോറിയന്‍ വീശിയടിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് അവിടെ വെള്ളപ്പൊക്കം ഉണ്ടായി. 18 അടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ ദുരന്തത്തിന്റെ ആക്കം കൂട്ടി. വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും വാഹനങ്ങളടക്കം പാറിപ്പോവുകയും ചെയ്തു. എന്നാല്‍ പ്യൂര്‍ട്ടോറിക്കോയില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.

തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രമാത്രം സങ്കടത്തോടെയും ഗൗരവത്തോടെയും ബഹാമിയന്‍ ജനതയെ അഭിസംബോധന ചെയ്യുന്നത് എന്ന് ബഹാമിയന്‍ പ്രധാമന്ത്രി ഹുബേര്‍ട്ട് മിന്നിസ് പറഞ്ഞു. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടും. ഫ്ലോറിഡയിലും സൗത്ത് കാരലൈനയിലും ജോര്‍ജിയയിലും 10 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. ഇതിന് മുമ്പ് 1935-ലുണ്ടായ ലൈബര്‍ ഡേ ചുഴലിക്കാറ്റാണ് ഇതിനുമുന്‍പുണ്ടായ ഏറ്റവും ശക്തവും വിനാശകാരിയുമായ ചുഴലിക്കാറ്റ്.

Share this news

Leave a Reply

%d bloggers like this: