25 വര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യനിറങ്ങുമെന്ന് നാസ

25 വര്‍ഷത്തിനകം മനുഷ്യന ചൊവ്വയിലെത്തിക്കാന്‍ കഴിയുമെന്ന് നാസ. അതിശക്തമായ കോസ്മോ റേഡിയേഷന്‍, ഉണ്ടാകാനിടയുള്ള കാഴ്ചാനഷ്ടം അടക്കമുള്ള കാര്യങ്ങള്‍, എല്ലുകള്‍ ദുര്‍ബലമാകുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതാണ് ചൊവ്വയിലെത്തുന്നതിന് മനുഷ്യന്റെ മുന്നിലുള്ള വെല്ലുവിളികളെന്ന് നാസ പറയുന്നു. സാങ്കേതികപരവും ആരോഗ്യവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങള്‍ മറികടക്കേണ്ടതുണ്ട്. നിലവിലെ ബജറ്റിന്റേതിനേക്കാള്‍ വളരെ കൂടുതല്‍ പണം വേണ്ടി വരാതെ ഈ ലക്ഷ്യം നേടാന്‍ കഴിഞ്ഞേക്കുമെന്ന് മുന്‍ നാസ ശാസ്ത്രജ്ഞന്‍ ടോം ജോണ്‍സ് പ്രതീക്ഷ പ്രകടിപ്പിച്ചതായി എ എഫ് പി പറയുന്നു. 2001ന് മുമ്പ് നാല് സ്പേസ് ഷട്ടില്‍ മിഷനുകളില്‍ ബഹിരാകാശത്തേയ്ക്ക് പോയിട്ടുള്ള പര്യവേഷകനാണ് ടോം ജോണ്‍സ്. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഇപ്പോള്‍ തന്നെ പരിശ്രമം തുടങ്ങണം – ടോം ജോണ്‍സ് പറയുന്നു.

ചൊവ്വ ഭൂമിയില്‍ നിന്ന് 225 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് എന്നതിനാല്‍ അപ്പോളോ, ലൂണാര്‍, ദൗത്യങ്ങളേക്കാള്‍ വളരെ ബുദ്ധിമുട്ടേറിയതായിരിക്കും ചൊവ്വ ദൗത്യം. ഇന്നത്തെ റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൊവ്വയിലെത്താന്‍ ഒമ്പത് മാസമെടുക്കും. ഇത്രയും സമയം സീറോ ഗ്രാവിറ്റിയില്‍ യാത്ര ചെയ്യുക ദുഷ്‌കരമായിരിക്കും. റെറ്റിനയിലെ രക്തക്കുഴലുകളെ ഇത് സാരമായി ബാധിച്ചേക്കും. ഇത് കാഴ്ചാനഷ്ടത്തിന് വരെ ഇടയാക്കാം. ബോണ്‍ മാസും കകാല്‍ഷ്യവും കാര്യമായി കുറയും. ഭൂമിയുടെ മൂന്നിലൊന്ന് ഗുരുത്വാകര്‍ഷണബലം മാത്രമുള്ള ചൊവ്വയിലേയ്ക്കുള്ള ദൗത്യം വളരെയധികം തയ്യാറെടുപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട. യാത്രാസമയം കുറയ്ക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഉപയോഗിച്ച് സ്പേസ് ഫ്ളൈറ്റില്‍ വൈദ്യുതി ലഭ്യമാക്കുന്നത് ഗുണം ചെയ്യും.

ദ്രുതഗതിയില്‍ വികസിപ്പിക്കേണ്ട സാങ്കേതികവിദ്യകള്‍ എയ്റോസ്പേസ് വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വയിലേയ്ക്ക് ഇരച്ചുകയറാനും വളരെ സാവധാനം ഇറങ്ങാനും ഉപരിതലത്തില്‍ യാത്രികരെ ഇറക്കാനും ഭൂമിയിലേയ്ക്ക് തിരികെ കൊണ്ടുവരാനും കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഇന്‍സൈറ്റ് എന്ന പേരില്‍ ഒരു റോബോട്ടിക് ലാന്‍ഡര്‍ നാസ വികസിപ്പിച്ചിരുന്നു. മേയ് അഞ്ചിന് കാലിഫോര്‍ണിയയില്‍ നിന്ന് വിക്ഷേപിച്ച ഇന്‍സൈറ്റ്, നവംബര്‍ 26ന് ചൊവ്വയില്‍ ലാന്‍ഡ് ചെയ്തേക്കും.

993 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന പദ്ധതി ചൊവ്വയുടെ ആന്തരിക ഘടന, പര്യവേഷകരെ അയക്കാന്‍ പറ്റുന്ന സാഹചര്യം സംബന്ധിച്ച പരിശോധന, ഭൂമിയെ പോലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ ഉല്‍പ്പത്തി സംബന്ധിച്ച പഠനം തുടങ്ങിയവ പഠിക്കാന്‍ ലക്ഷ്യമിടുന്നു. 2020ല്‍ റോവര്‍ ദൗത്യവും നാസ ചൊവ്വയിലേയ്ക്ക് നടത്തുന്നുണ്ട്. ചൊവ്വയിലെ മനുഷ്യവാസ സാധ്യതകള്‍, ചൊവ്വയില്‍ നേരത്തെ ജീവന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന, പ്രകൃതി വിഭവങ്ങള്‍ സംബന്ധിച്ചും ഭാവിയില്‍ ബഹിരാകാശ പര്യവേഷകര്‍ നേരിടേണ്ടി വരാനിടയുള്ള വെല്ലുവിളികളെക്കുറിച്ചുമുള്ള പഠനം തുടങ്ങിയവയെല്ലാം ഇത് ലക്ഷ്യമിടുന്നു. സ്പേസ് എക്സ് പോലുള്ള സ്വകാര്യ ബഹിരാകാശ എജന്‍സികളും മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളുമെല്ലാം ചൊവ്വ ദൗത്യത്തിനായുള്ള സജീവ പരിശ്രമങ്ങളിലാണ്. പുതിയ ചാന്ദ്ര ദൗത്യങ്ങളും ചൊവ്വാ ദൗത്യത്തിനുള്ള മുന്നൊരുക്കമായാണ് ഏജന്‍സികള്‍ കാണുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: