Wednesday, April 25, 2018

24 ഇന്ത്യക്കാര്‍ മരണമടഞ്ഞ കനിഷ്‌ക വിമാന ദുരന്ത കേസിലെ പ്രധാന പ്രതി ഇന്ദ്രജിത്ത് സിങ് റെയാത്ത് ജയില്‍ മോചിതനായി

Updated on 16-02-2017 at 12:33 pm

ടൊറന്റോ: വിഖ്യാതമായ കനിഷ്‌ക വിമാന ദുരന്ത കേസിലെ പ്രധാന പ്രതി ഇന്ദ്രജിത്ത് സിങ് റെയാത്ത് പതിനഞ്ച് വര്‍ഷത്തെ ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. വിമാന ദുരന്തത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയും ഇന്ദ്രജിത്ത് മാത്രമായിരുന്നു. വിമാന ദുരന്തത്തിന് കാരണമായ ബോംബ് നിര്‍മ്മിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്ന കുറ്റാരോപണം.

1985-ല്‍ ജൂണ്‍ 23-ആം തീയതി ഞായറാഴ്ച എയര്‍ ഇന്ത്യയുടെ 747 ജംബോ ജെറ്റ് ടൊറന്റോ-മുംബൈ വിമാനം കാനഡയിലെ ടൊറന്റോയില്‍ നിന്ന് പുറപ്പെട്ട് മോണ്ട്രിയല്‍ കഴിഞ്ഞ് ലണ്ടനില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് പറക്കുന്നതിനിടയില്‍ അയര്‍ലന്‍ഡിലെ കോര്‍ക്കിനു സമീപം 31,000 അടി ഉയരത്തില്‍ വെച്ച് പൊട്ടിത്തെറിച്ച് കടലില്‍ പതിക്കുകയായിരുന്നു. ദുരന്തത്തില്‍പെട്ട വിമാനത്തില്‍ നിന്നും ആരും രക്ഷപെട്ടിരുന്നില്ല. 268 കാനഡക്കാരും, 24 ഇന്ത്യക്കാരും ഉള്‍പ്പെടെ 329 പേര്‍ ദുരന്തത്തില്‍ മരണമടഞ്ഞിരുന്നു.

ഈ സംഭവത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ടോക്കിയോ-മുംബൈ ഫ്ളൈറ്റില്‍ നാരീത എയര്‍പോര്‍ട്ടില്‍ വെച്ച് എയര്‍പോര്‍ട്ട് ജോലിക്കാര്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഈ വിമാനവും പൊട്ടിത്തെറിച്ചു. രണ്ടു ദുരന്തങ്ങള്‍ക്കും പിന്നില്‍ സമാനമായ ഘടകമുണ്ടെന്നു മനസിലാക്കിയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദുരന്തത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.

രണ്ടു വിമാനങ്ങളിലും സൂട്ട്‌കേസിലാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്നു പിന്നീട് കണ്ടെത്തി. ഇന്ത്യയിലെ സിക്ക് തീവ്രവാദ തീവ്രവാദ ഗ്രൂപ്പായ ഖാലിസ്ഥാന്റെ ബാബര്‍ കല്‍സയാണ് സ്‌പോടനങ്ങള്‍ക്ക് പിന്നിലെന്ന് കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സിക്ക് തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ ഗോള്‍ഡന്‍ ടെംപിളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ സിക്കുകാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയായിരുന്നു വിമാന സ്‌ഫോടനങ്ങള്‍. ഇത് കൂടാതെ അന്താരാഷ്ട്ര സിക്ക് യൂത്ത് ഫെഡറേഷനും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കാനഡയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൗരന്മാര്‍ മരണപ്പെട്ട ദുരന്തമാണ് കനിഷ്‌ക വിമാന ദുരന്തം. 130 മില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവിട്ട് 20 വര്‍ഷം നീണ്ടു നിന്ന അന്വേഷണമാണ് ദുരന്തത്തെത്തുടര്‍ന്ന് കാനഡ നേരിട്ടത്. ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ ഡൈനാമിറ്റ്, ബാറ്ററി, ഡിറ്റനേറ്റേഴ്സ് എന്നീ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് ദുരന്തം ആസൂത്രണം ചെയ്തവര്‍ക്ക് ബോംബ് നിമ്മിച്ചു നല്‍കിയെന്ന കുറ്റമാണ് ഇന്ദ്രജിത്തിന് നേരെ ചുമത്തപ്പെട്ടതു. സ്‌ഫോടനത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് പിടിക്കപ്പെട്ട രണ്ടുപേരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കനേഡിയന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജയില്‍ വാസം അനുഭവിച്ച ഏക പ്രതി ഇന്ദ്രജിത്ത് മാത്രമായിരുന്നു.

വിമാന ദുരന്തത്തിന് പിന്നിലുള്ള യഥാര്‍ത്ഥ സൂത്രധാരകരെ പുറത്തുകൊണ്ടുവരാന്‍ കനേഡിയന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോര്‍ക്കിലും, ടോറന്റോയിലും മരണപ്പെട്ടവര്‍ക്ക് വേണ്ടി പടുത്തുയര്‍ത്തിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ദുരന്തത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ എത്താറുണ്ട്. വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളുമായോ, സിക്ക് തീവ്രവാദ ഗ്രൂപ്പില്‍ പെട്ടവരോ ആയിട്ടുള്ളവരോട് ഒരു തരത്തിലും ബന്ധം വെച്ച് പുലര്‍ത്തരുതെന്ന കോടതിയുടെ പ്രതേക നിര്‍ദ്ദേശത്തിലാണ് ഇന്ദ്രജിത്ത് പുറത്തിറങ്ങി സ്വകാര്യ ജീവിതം നയിക്കുന്നത്. ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും പോലീസിന്റെ നിരീക്ഷണത്തിലാണ് ഇന്ദ്രജിത്ത് സിങ്.

comments


 

Other news in this section