2108 ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

20 വര്‍ഷത്തിന് ശേഷം ഫ്രാന്‍സിന് രണ്ടാം ഫുട്‌ബോള്‍ ലോകകപ്പ് കിരീടം. ക്രോയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് വീണ്ടും ലോകചാമ്പ്യന്‍മാരായത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാക്കള്‍ റുസ്സോയും വോള്‍ട്ടയറും ആണെങ്കില്‍ റഷ്യയിലെ ‘ഫ്രഞ്ച്’ വിപ്ലവം നയിച്ചത് ഗ്രീസ്മാനും, എംബപ്പേയും, പ്രോഗ്ബയുമാണ്. വോള്‍ഗയുടെ തീരത്ത് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. ഫ്രാന്‍സിന് വേണ്ടി ഗ്രീസ്മാന്‍, പ്രോഗ്ബ, എംബപ്പേ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ ക്രൊയേഷ്യയുടെ മന്‍സൂക്കിച് വക ദാനം ആയിരുന്നു. ക്രൊയേഷ്യയുടെ ഗോളുകള്‍ പെരിസിച്, മന്‍സൂക്കിച് എന്നിവരിലൂടെയായിരുന്നു.

ക്രൊയേഷ്യന്‍ ടച്ചോടെ ആരംഭിച്ച ആദ്യ പകുതിയില്‍ മേധാവിത്തം പുലര്‍ത്തിയതും ക്രോട്ടുകളായിരുന്നു. നാലാം മിനുട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ അവസരം. പക്ഷേ പെരിസിച്ചിന്റെ മുന്നേറ്റം ഫ്രാന്‍സ് പ്രതിരോധിച്ചു, ഏഴാം മിനുട്ടില്‍ വീണ്ടും സ്ട്രിനിക്കിലൂടെ ക്രൊയേഷ്യയുടെ മുന്നേറ്റം, വലതുവിങ്ങിലൂടെ സ്ട്രിനിക് പന്തുമായി ബോക്സിലേക്ക് കയറിയെങ്കിലും എംബാപ്പെ കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.

റഷ്യന്‍ ലോകകപ്പിന്റെ പൊതു സ്വഭാവം ബോള്‍ പൊസഷനില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ കൂടുതല്‍ ഗോള്‍ നേടുന്ന ശീലം ആണ്, ഫൈനലിലും അതാവര്‍ത്തിച്ചു, ഗ്രീസ്മാനെ ബ്രോസോവിച്ച് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഫ്രാന്‍സിന് ലഭിച്ച ഫ്രീകിക്ക് ഗോളായി മാറി. ഗ്രീസ്മാന്‍ തൊടുത്ത ഫ്രീകിക്കില്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ആദ്യ സെല്‍ഫ് ഗോള്‍. ഫ്രാന്‍സ് 1 ക്രൊയേഷ്യ 0 . മത്സരത്തിന് 18 നിമിഷം മാത്രം പ്രായം.

ഗോള്‍ വഴങ്ങിയ ക്രൊയേഷ്യ തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം തടസ്സമായി. 28 മിനുട്ടില്‍ കേളി കേട്ട ഫ്രഞ്ച് പ്രതിരോധത്തെ തകര്‍ത്തു കൊണ്ട് റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മിക്ള്‍ച ഗോള്‍ നേടി പെരിസിച് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു. വിദ നല്‍കിയ പാസിലാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തെയും ഗോളി ഹ്യൂഗോ ലോറിസിനെയും കാഴ്ചക്കാരാക്കി പെരിസിച്ചിന്റെ കിടിലന്‍ ഷോട്ട് വലയില്‍ കയറിയത്. സ്‌കോര്‍ ഫ്രാന്‍സ് 1 ക്രൊയേഷ്യ 1

സമനില ഗോള്‍ നേടിയ കോര്‍ട്ടുകളുടെ ആശ്വാസത്തിന് പക്ഷെ ആയുസ്സ് കുറവായിരുന്നു. 37 മിനുട്ടില്‍ ഫ്രാന്‍സിന് അനുകുലമായ കോര്‍ണര്‍. കിക്ക് നേരെ പെരിസിച്ചിന്റെ കൈയില്‍ തട്ടി പുറത്തേക്ക്. ഹാന്‍ഡ് ബോളിന് ഫ്രാന്‍സിന്റെ അപ്പീല്‍. റഫറി തീരുമാനം വാറിന് വിട്ടു. പെരിസിച്ചിന്റെ കൈയില്‍ പന്ത് തട്ടിയതിന് വാറിലൂടെ പെനാല്‍റ്റി അനുവദിച്ചു. സ്‌പോട്ടില്‍ നിന്ന് കിക്കെടുത്ത ഗ്രീസ്മാന് പിഴച്ചില്ല. ഫ്രാന്‍സ് വീണ്ടും മുന്നില്‍ സ്‌കോര്‍ ഫ്രാന്‍സ് 2 – ക്രൊയേഷ്യ 1

61 ശതമാനം ബോള്‍ പൊസഷനുമായി കളിയുടെ നിയന്ത്രണം മോഡ്രിക്കിനും കൂട്ടര്‍ക്കും ആയിരുന്നെങ്കിലും ഒരു ഗോളിന് പിന്നില്‍ നില്‍ക്കാന്‍ ആയിരുന്നു ആദ്യ പകുതി അവസാനിക്കുമ്പോള്‍ അവരുടെ വിധി.

രണ്ടാം പകുതിയിലും ക്രൊയേഷ്യന്‍ ആധിപത്യമായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഫ്രഞ്ച് പട മിടുക്കു കാണിച്ചപ്പോള്‍ കളിയുടെ ഗതി മാറി, 51 മിനുട്ടില്‍ സുബാസിച്ചിന്റെ ഗോള്‍ഡന്‍ സേവ്. ഇടതുവിങ്ങിലൂടെ കയറി എംബാപ്പയുടെ ഷോട്ട് സുബാസിച്ച് മുന്നോട്ട് കയറി തട്ടിയകറ്റി.

പ്രോഗ്ബയിലൂടെ ഗോള്‍ നേടി കൊണ്ട് ഫ്രാന്‍സ് വീണ്ടും ഞെട്ടിച്ചപ്പോള്‍ ക്രൊയേഷ്യന്‍ ആരാധകര്‍ സ്തബ്ധരായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പ്രോഗ്ബയുടെ കിടിലന്‍ ഷോട്ട് ആണ് ഫ്രാന്‍സിന്റെ ലീഡുയര്‍ത്തിയത്. ക്രൊയേഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് അന്റോയ്ന്‍ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസില്‍ പോഗ്ബയുടെ ആആദ്യഷോട്ട് ഡിഫന്‍ഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടില്‍ പോഗ്ബയുടെ ഇടംകാലന്‍ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍.
സ്‌കോര്‍ ഫ്രാന്‍സ് 3 ക്രൊയേഷ്യ 1

ലീഡുയര്‍ത്തിയ ശേഷം സമ്മര്‍ദ്ദത്തിലായ ക്രൊയേഷ്യന്‍ പ്രതിരോധത്തെ തരിപ്പണമാക്കി കൊണ്ട് ഫ്രാന്‍സിന് വേണ്ടി എംബപ്പേ വീണ്ടും ഗോള്‍ നേടി. ബോക്സിന് മുന്നിലേക്ക് ഹെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് സുബാസിച്ചിന് ഒരു അവസരവും നല്‍കാതെ എംബാപ്പെയുടെ തകര്‍പ്പന്‍ ഷോട്ട് വലയിലെത്തിയത്. പെലയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ. സ്‌കോര്‍ ഫ്രാന്‍സ് 4 ക്രൊയേഷ്യ 2 മത്സരത്തിന് 65 മിനുട്ട് പ്രായം.

തോല്‍വി എന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കേ ക്രൊയേഷ്യക്ക് പ്രതീക്ഷയുടെ ചെറു കണികകള്‍ സമ്മാനിച്ചു കൊണ്ട് മന്‍സൂക്കിച് 69 മിനുട്ടില്‍ ഗോള്‍ നേടി. മൈനസ് പാസ് സ്വീകരിച്ച ലോറിസ് പന്ത് അടിച്ചകറ്റുന്നത് വൈകിപ്പിച്ചതാണ് മാന്‍സൂക്കിച്ചിന് പന്ത് തട്ടി വലയിലെത്തിക്കാന്‍ അവസരം ഒരുക്കിയത്. സെല്‍ഫ് ഗോളിന് മന്‍സൂക്കിച് അങ്ങനെ പ്രായശ്ചിത്തം ചെയ്തു. സ്‌കോര്‍ ഫ്രാന്‍സ് 4 ക്രൊയേഷ്യ 2

മല്‍സരം അവസാന 10 മിനിറ്റില്‍. ഇരു ടീമുകളിലും ഓരോ മാറ്റം വരുത്തി.ഫ്രഞ്ച് നിരയില്‍ ഒളിവര്‍ ജിറൂദിനു പകരം ഫെകിറും, ക്രൊയേഷ്യന്‍ നിരയില്‍ സ്ട്രിനിച്ചിനു പകരം ജാക്കയും കളത്തില്‍ ഇറക്കിയെങ്കിലും ഗോള്‍ നിലയിലും ഫൈനല്‍ റിസല്‍ട്ടിലും മാറ്റം ഉണ്ടായില്ല. റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ലോകഫുട്‌ബോളിന്റെ നെറുകയിലേക്കുള്ള ഫ്രഞ്ച് പടയോട്ടം പൂര്‍ണമായി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: