2030ഓടെ 20 ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടാമത്തെ വിമാനത്താവളം ആവശ്യമാകുമെന്ന് പഠനം

ഇന്ത്യയിലെ 20 നഗരങ്ങളിലെങ്കിലും 2030 ആകുമ്പോഴേക്കും രണ്ടാമതൊരു വിമാനത്താവളംകൂടി ആവശ്യമായിവരുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. മുബൈ, ഡല്‍ഹി, ഗോവ, വിശാഖപട്ടണം, ജയ്പൂര്‍, പുനെ, അഹമ്മദാബാദ്, രാജ്കോട്ട്, പട്ന, കൊല്‍ക്കത്ത, ബംഗളുരു എന്നിവ ഈ നഗരങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 2035 ആകുമ്പോഴേക്കും പുതിയ വിമാനത്താവളങ്ങള്‍ ആവശ്യമായി വരുന്ന നഗരങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. ഇത് സംബന്ധിച്ച പഠനം പുരോഗമിക്കുന്നതേയുള്ളു. ഇപ്പോഴുള്ള വിമാനത്താവളങ്ങളുടെ ശേഷി എപ്പോള്‍ പരമാവധി കവിയുമെന്ന് അതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഈ പഠനം പൂര്‍ത്തിയായാല്‍ പുതിയ വിമാനത്താവളങ്ങള്‍ ആവശ്യമായിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് അതിനായി ഭൂമി കണ്ടെത്താന്‍ സിവില്‍ വ്യോമയാന മന്ത്രാലയം കത്തെഴുത്തും. നിലവിലെ വിമാനത്താവളം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതിന് 5 വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കത്തയക്കും.

ഡിറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിദ്ധീകരിച്ച 2017-18ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വര്‍ഷം 183.90 മില്യണ്‍ യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍ ഈ സംഖ്യ വര്‍ദ്ധിക്കുകയാണ്. 2015-16ല്‍ 134.98 മില്യണ്‍ ആയിരുന്നത് 2016-17ല്‍ 158.43 മില്യണ്‍ ആയി ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ എണ്ണം 200 മില്യണ്‍ കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. വലിയ ചില വിമാനത്താവളങ്ങള്‍ ഇപ്പോള്‍ത്തന്നെ ശേഷിയിലധികമാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി ഉദാഹരണമാണ്. 2017ല്‍ 63.5 മില്യണ്‍ യാത്രക്കാരാണ് അവിടെയെത്തിയത്. ഈ വര്‍ഷമത് 70 മില്യണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴേക്കും അതിന്റെ ശേഷിയിലും കവിഞ്ഞ പ്രവര്‍ത്തനമാകും സംഭവിക്കുക. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായിട്ടാണ് എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ഡല്‍ഹിയെ കാണുന്നത്.

2017ല്‍ യാത്രക്കാരുടെ എണ്ണം 60 മില്യണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ലോകത്തിലെ തിരക്കേറിയ 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും ഉള്‍പ്പെട്ടു. സിയോള്‍, സിങ്കപ്പൂര്‍, ബാംഗോക് എന്നിവയെ പിന്തള്ളിയാണ് ഏഷ്യയിലെ തിരക്കേറിയ 7-ാമത്തെ വിമാനത്താവളമായി ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉയര്‍ന്നത്. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നടത്തുന്ന പഠനം ഈ വര്‍ഷാവസാനം പൂര്‍ത്തിയാകുന്നതോടെ പരമാവധി ശേഷിയോടു അടുക്കുന്ന വിമാനത്താവളങ്ങളുടെ വിവരം അറിയാന്‍ കഴിയും. ചില വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന വിമാന യാത്രകളുടെ ആവശ്യം നിറവേറ്റാന്‍ അത് മതിയാകാതെ വരും.

ഇപ്പോള്‍ 200 മില്യനോളമുള്ള യാത്രക്കാരുടെ എണ്ണം 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ബില്യണ്‍ ആയി ഉയരും. യാത്രക്കാരുടെ എണ്ണം മാത്രമല്ല പ്രശ്നം, റണ്‍വേകളും ഫ്ളൈറ്റുകളും പാര്‍ക്കിംഗ് സ്ലോട്ടുകളുമെല്ലാം പ്രശ്നമാണ്. 2018 ജൂലൈ 31ലെ കണക്കു പ്രകാരം ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട വ്യോമയാന കമ്പനികളുടെ 620 വിമാനങ്ങളാണുള്ളത്. 2016 മാര്‍ച്ചില്‍ ഉണ്ടായിരുന്ന 448ല്‍ നിന്നുമാണ് ഈ ഉയര്‍ച്ച. ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട 17 വ്യോമയാന കമ്പനികള്‍ 2017-18ല്‍ 9.22 ലക്ഷം ഫ്ളൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്തത്. മുന്‍വര്‍ഷം അത് 8.1ലക്ഷം ഫ്ളൈറ്റുകളായിരുന്നു. അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ 2016-17ല്‍ 3.45 ലക്ഷമായിരുന്നത് 2017-18ല്‍ 3.79 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യന്‍ വിമാത്താവളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപ ചിലവഴിക്കുമെന്നു സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, ഗോഹട്ടി, ലക്നൗ വിമാനത്താവളങ്ങളുടെ ശേഷി വികസനത്തിനായി പണം അനുവദിച്ചുകഴിഞ്ഞു. ഇതിനു പുറമെ എന്‍ എ ബി എച്ച് (നെക്സ്റ്റ് ജന്‍ എയര്‍ പോര്‍ട്സ് ഫോര്‍ ഭാരത്) എന്നൊരു പദ്ധതിക്കും ഗവണ്മെന്റ് തുടക്കമിട്ടു.

അടുത്ത 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ബില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുംവിധം നിലവിലെ വിമാനത്താവളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുന്ന പദ്ധതിയാണത്. ശേഷി ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. സ്വകാര്യ കമ്പനികളെയും ഇതില്‍ സഹകരിപ്പിക്കും. അടുത്ത 4-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 19 വിമാനത്താവളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 20,178 കോടി രൂപ ചിലവഴിക്കും. കേരളത്തില്‍ കോഴിക്കോട് വിമാനത്താവളവും ഇതിലുള്‍പ്പെടുന്നുണ്ട്. ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനികള്‍ വികസനാവശ്യങ്ങള്‍ക്കായി അടുത്ത് 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 25,000 കോടി രൂപ അധികനിക്ഷേപം നടത്തും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: