2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പേപ്പര്‍ ബാലറ്റോ?

നിലവില്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം)ക്കു പകരം പരമ്പരാഗതമായി ഉപയോഗിച്ചുപോന്നിരുന്ന പേപ്പര്‍ ബാലറ്റുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് കുറച്ചുകാലമായി ശക്തിയാര്‍ജിക്കുകയാണ്. 2019 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇത് അംഗീകരിച്ച് നടപ്പാക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാന്‍ പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറെടുക്കുന്നതായും വാര്‍ത്തയുണ്ട്. രാജ്യം ഭരിക്കുന്ന എന്‍ഡിഎ സഖ്യത്തിലെ ഘടകകക്ഷിയായ ശിവസേനതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

യുപിഎ ഭരണകാലത്ത് പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ബിജെപിയും അതിന്റെ അന്നത്തെ സമുന്നത നേതാവുമായിരുന്ന എല്‍ കെ അഡ്വാനി തന്നെയും ഉന്നയിച്ചിരുന്നു. ഒരു മനുഷ്യനിര്‍മിത യന്ത്രം എന്ന നിലയില്‍ തെരഞ്ഞെടുപ്പുവേളകളില്‍ അവ പ്രവര്‍ത്തനരഹിതമാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. യന്ത്രത്തിന്റെ കാര്യക്ഷമതയെക്കാളും അതിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് തിരിമറികള്‍ നടത്താനുള്ള സാധ്യതയും പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനു പിന്നിലുണ്ട്.

തെരഞ്ഞെടുപ്പുകളില്‍ വോട്ടുരേഖപ്പെടുത്തുന്നതു മുതല്‍ അവ എണ്ണിത്തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തുന്നതുവരെയുള്ള ശ്രമകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇലക്ട്രോണിക് യന്ത്രങ്ങളെ ആശ്രയിക്കുന്ന നിരവധി ജനാധിപത്യ രാഷ്ട്രങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള ഒറ്റപ്പെട്ടു നിലനില്‍ക്കുകയും ഓരോ യന്ത്രത്തിലേയും വോട്ട് എണ്ണിത്തിട്ടപ്പെടുത്തി കൂട്ടി കണക്കാക്കി ഫലം നിര്‍ണയിക്കുന്ന ഇവിഎം സംവിധാനം മുതല്‍ ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വോട്ടിങ് യന്ത്രസംവിധാനങ്ങള്‍ വരെ ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തില്‍ ഉള്‍പ്പെടുന്നു. അവയെ എല്ലാം സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍പോലും സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നുമുണ്ട്. അവയില്‍ പ്രധാനമാണ് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറിനടത്തി തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാനുള്ള സാധ്യതകള്‍. ഇന്ത്യയെക്കാള്‍ സാങ്കേതിക വൈദഗ്ധ്യം അവകാശപ്പെടുന്ന അയര്‍ലണ്ട്, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, യുകെ എന്നിങ്ങനെ ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ അതില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായി എന്നതും ശ്രദ്ധേയമാണ്.

ഇലക്ട്രോണിക് വോട്ടിങ് രീതി ഇപ്പോഴും പിന്തുടരുന്ന ഫ്രാന്‍സിലും ബല്‍ജിയത്തിലും അതിനെതിരെ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നുവെന്നതും അവഗണിക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ വേണം പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ സമീപിക്കാന്‍. ഇന്ത്യയെപ്പോലെ ജനസംഖ്യാ ബാഹുല്യമുള്ള രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒരിക്കലും ലളിതമായ ജനാധിപത്യ പ്രക്രിയയായിരുന്നിട്ടില്ല. പൊലീസിന്റെയും സുരക്ഷാസേനകളുടെയും വ്യാപകവും കാര്യക്ഷമവുമായ വിന്യാസവും പോളിങ് സ്റ്റേഷനുകളും പരിസരപ്രദേശങ്ങളുമടക്കം സിസിടിവികള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് നിരീക്ഷണ പരിധിയില്‍ കൊണ്ടുവന്നതും ഒട്ടേറെ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷനിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും ജനങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുള്ള വിശ്വാസത്തിന് ഏറെ ഇളക്കംതട്ടിയ ഒരു കാലഘട്ടത്തിലാണ് ഇന്ത്യ മറ്റൊരു പൊതു തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രീതിയും അതിന്റെ നടത്തിപ്പും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: