2016 ബഡ്ജറ്റ് മൂലം വീട്ട് വരുമാനത്തിന് 0.7 ശതമാനം വര്‍ധനവെ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:   വീട്ടുടമകള്‍ക്ക്  ചെലവഴിക്കാനുള്ള വരുമാനത്തില്‍ 2016 ബഡ്ജറ്റ് മൂലം കേവലം 0.7 ശതമാനത്തിന്‍റെ വര്‍ധനമാത്രമേ ഉണ്ടാകൂവെന്ന് റിപ്പോര്‍ട്ട്.  ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. കുടുംബങ്ങള്‍ക്ക് 2008 തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ബുദ്ധിമുട്ട് പത്ത് ശതമാനം വരെ ഇപ്പോഴും അവരുടെ ചെലവഴിക്കല്‍ ശേഷിയെ ബാധിക്കുന്നുണ്ട്.  ഇഎസ്ആര്‍ഐ 2009-16 ബഡ്ജറ്റിന്‍റെ പണാടിസ്ഥാനത്തിലുള്ള പ്രഭാവം എന്തെന്ന് പരിശോധിക്കുകയാണ് ചെയ്തിരിക്കുന്നത്. 2009 മുതല്‍ 2016 വരെയുള്ളബഡ്ജറ്റ് ഏത് രീതിയിലാണ് സമ്പത് വ്യവസ്ഥയെ ബാധിച്ചതെന്നും പരിശോധിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചിട്ടുള്ളത്. നികുതി നിരക്കുകള്‍, നികുതി ഇളവുകള്‍, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയുടെയെല്ലാം പശ്ചാതലത്തിലാണ് ബഡ്ജറ്റിനെ പരിശോധിച്ചിരിക്കുന്നത്. അടുത്തവര്‍ഷം പ്രതീക്ഷിക്കാവുന്ന വേതന വളര്‍ച്ചയും കണക്കിലെടുത്തിട്ടുണ്ട്. 2.3 ശതമാനം വേതന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പഠന പ്രകാരം താഴന്ന വരുമാനമുള്ളവര്‍ക്ക് സാഹചര്യങ്ങളില്‍ മാറ്റമൊന്നും ബഡ്ജറ്റ് നടപടി മൂലം ഉണ്ടാകുന്നില്ല. ഉയര്‍ന്ന വരുമാനക്കാര്‍ക്കാകട്ടെ 0.5-1 ശതമാനം വരെ കൂടുതല്‍ വീട്ട് വരുമാനം ലഭിക്കാന്‍ നടപടികള്‍ സഹായകരമാകും.  കൂടുതല്‍ നേട്ടം ഉണ്ടാകണമെങ്കില്‍ നികുതി പരിഷ്കരണം ആവശ്യമാണ്. ഭൂരിഭാഗം കുടുംബങ്ങളിലും ചെലവഴിക്കാനുള്ള വരുമാനം കൂടും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ബഡ്ജറ്റുകള്‍ പലതും വരുമാനം നഷ്ടപെടുന്നതിന് സഹായകരമായിരുന്നു.

സ്വയം തൊഴില്‍ ചെയ്യുന്നവരും താഴന്ന് വരുമാനക്കാരും ആയവര്‍ക്ക് ബഡ്ജറ്റുകള്‍ മൂലമുണ്ടായിരിക്കുന്ന വരുമാന നഷ്ടം 7.5 ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ്. സര്‍ക്കാര്‍ നയങ്ങള്‍ മൂലം ഏറ്റവും ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 14 ശതമാനവും വരുമാനം കുറഞ്ഞു. അതേ സമയം താഴന്ന് വരുമാനക്കാര്‍ നഷ്ടപ്പെട്ടത് വരുമാനത്തിന്‍റെ 12.5 ശതമാനവുമാണ്. മധ്യവരുമാനമുള്ളവര്‍ക്ക് നഷ്ടം കുറച്ച് മാത്രമാണുള്ളത്. മിക്ക കുടുംബങ്ങള്‍ക്കും 9-11 ശതമാനത്തിനിടയിലാണ് നഷ്ടം. കുട്ടികള്‍ ഇല്ലാത്ത ഏകരായ തൊഴില്‍ രഹിതരുടെ സാമ്പത്തിക സ്ഥിതിക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. 20 ശതമാനം വരെയാണ് ഈ വിഭാഗത്തിന് നഷ്ടമുണ്ടായത്.  ആനുകൂല്യവും മറ്റുമായി ലഭിച്ചിരുന്ന വരുമാനം കുറഞ്ഞത് ഇതിന് കാരണമായി. പെന്‍ഷന്‍കാര്‍ക്കാണ് ഏറ്റവും കുറവ് നഷ്ടം. 5-6 ശതമാനം വരെമാത്രമേ നഷ്ടം ഉണ്ടായിട്ടുള്ളൂ.  പെന്‍ഷന്‍ നല്‍കുന്നതിന്‍റെ നിരക്ക് ഇക്കാലയളവില്‍ കൂടുകയാണ് ചെയ്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: