20 ലക്ഷം ജനങ്ങളുടെ മനുഷ്യച്ചങ്ങല: ചൈനയെ പേടിപ്പിച്ച് ഹോങ്കോങ്

ഹോങ്കോംഗ്: ഹോങ്കോംഗ് തുറമുഖത്തിന്റെ ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം നീളുന്ന മനുഷ്യ ശൃംഖല സൃഷ്ടിച്ച് ഹോങ്കോംഗ് പ്രക്ഷോഭകര്‍. പതിനായിരക്കണക്കിന് പ്രകടനക്കാര്‍ കൈകള്‍ കോര്‍ത്ത്, പാട്ടുകള്‍ പാടി ഹോങ്കോങ്ങിന്റെ എല്ലാ നടപ്പാതകളും പാര്‍ക്കുകളും തെരുവുകളുമെല്ലാം കയ്യടക്കി. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന സോവിയറ്റ് വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് അവര്‍ സമാധാനപരമായ മനുഷ്യചങ്ങല തീര്‍ത്തത്.

ഹോങ്കോങ്ങിന്റെ പല ഭാഗങ്ങളിലായി ചെറിയ തോതിലുള്ള അക്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുള്ള അടിച്ചമര്‍ത്തലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വലിയ മാര്‍ച്ചുകളില്‍ യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുപത് ലക്ഷത്തോളം ജനങ്ങളാണ് ഏകദേശം 30 മൈല്‍ (50 കിലോമീറ്റര്‍) നീളത്തില്‍ അണിനിരന്നുകൊണ്ട് വെള്ളിയാഴ്ചത്തെ പ്രക്ഷോഭത്തില്‍ മാത്രം പങ്കെടുത്തത്.

1989 ഓഗസ്റ്റ് 23-ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ പ്രതിഷേധക്കാര്‍ 370 മൈല്‍ (600 കിലോമീറ്റര്‍) നീളമുള്ള മനുഷ്യ ചങ്ങല തീര്‍ത്തിരുന്നു. മോസ്‌കോയുടെ ധിക്കാരപരമായ സമീപനത്തിനെതിരെ ഉണ്ടാക്കിയ ആ പടുകൂറ്റന്‍ റാലി ‘ബാള്‍ട്ടിക് വേ’ എന്നാണ് അറിയപ്പെടുന്നത്. അതുകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് രാജ്യങ്ങളും സ്വതന്ത്രമാക്കപ്പെട്ടു. ഇതിന്റെ ആഘാതത്തില്‍ ഒടുവില്‍ 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും ചെയ്തു.

അതുകൊണ്ടുതന്നെ ഹോങ്കോംഗിലെ ഈ പ്രതീകാത്മക സമരം ചൈനയുടെ സൈ്വര്യം കെടുത്തുകയാണ്. ബ്രിട്ടന്റെ ഈ മുന്‍കോളനിയുടെ മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം. ‘തീവ്രവാദികളാ’ണ് ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ എന്ന വ്യാജേന സമരം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇതിനകം തന്നെ ചൈന പറഞ്ഞു കഴിഞ്ഞു. എന്നിട്ടും പ്രക്ഷോഭകര്‍ പിന്തിരിയാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസവും അവര്‍ സമാധാനപരമായി ഒത്തുചേര്‍ന്നിരുന്നു.

വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പോലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.

Share this news

Leave a Reply

%d bloggers like this: