19കാരിയായ ഹൈദ്രബാദ് സ്വദേശിനി അമേരിക്കയില്‍ ലൈംഗികാതിക്രമണത്തിനിരയായി കൊല്ലപ്പെട്ടു…

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ 19കാരി അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിനിരായായി കൊല്ലപ്പെട്ടു. അമേരിക്കയിലെ ചിക്കാഗോയിലാണ് വിദ്യാര്‍ഥിനി ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ ഓണേഴ്‌സ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഗാരേജില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ പിന്നിലെ സീറ്റില്‍ മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.

സംഭവത്തില്‍ 26കാരനായ ഡൊണള്‍ഡ് തുര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കാഗോയിലെ മെട്രോ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയുമായി ഒരു ബന്ധവുമില്ലാത്തയാളാണ് തുര്‍മാനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വൈദ്യ പരിശോധനയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് മുതല്‍ കുട്ടിയെക്കുറിച്ച് വിവരമില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചിരുന്നതായി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് പ്രതി അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് പോലീസും കുടുംബാംഗങ്ങളും ഗാരേജിലെത്തിയത്. പരിശോധനയില്‍ വാഹനത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

എഫ്ബിഐയുടെ സഹായത്തോടെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നെല്ലാം പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചു. പെണ്‍കുട്ടിയുടെ പുറകെ തുര്‍മാന്‍ നടക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.35 ഓടെ പെണ്‍കുട്ടി ഗാരേജിലേക്ക് കടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നാലെ പ്രതിയും കടന്നു. പിന്നീട് 2.10ന് പ്രതി നടന്നുപോകുന്ന ദൃശ്യവുമുണ്ട്.പിന്നീട് തെരുവുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയുടെ യാത്രാമാര്‍ഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതി ബ്ലൂ ലൈന്‍ മെട്രോ സ്റ്റേഷനില്‍ പോകാറുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അവിടെ നിരീക്ഷണം ശക്തമാക്കുകയും അടുത്ത ദിവസം പിടികൂടുകയുമായിരുന്നു.

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കാനും ആളുകളെ സഹായിക്കാനും ആഗ്രഹിച്ചിരുന്നു, ഒരുപാട് സ്വപ്‌നങ്ങളുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍ എന്ന് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ മൈക്കല്‍ ഡി അമിറിഡിസ് പറഞ്ഞു. സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും ഞങ്ങളെല്ലാം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കായി ക്യാമ്പസില്‍ മഞ്ഞ റിബണുകള്‍ തൂക്കിയിട്ടു. മഞ്ഞയായിരുന്നു അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള നിറമെന്ന് സഹപാഠികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: