18 മണിക്കൂര്‍ വിമാനയാത്ര, ചരിത്രം തിരുത്തി സിങ്കപ്പുരിന്റെ ജെറ്റ്ലൈനര്‍

ന്യൂയോര്‍ക്ക്: സിങ്കപ്പുരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 17 മണിക്കൂറും 52 മിനിറ്റും നീണ്ട ഒറ്റപ്പറക്കല്‍. പിന്നിട്ടത് 16,700 കിലോമീറ്റര്‍. 150 യാത്രക്കാരും 17 ജീവനക്കാരുമായി സിങ്കപ്പുര്‍ എയര്‍ലൈന്‍സിന്റെ എസ്.ക്യു. 22 വിമാനം ‘വലിയ പറക്കലില്‍’ ചരിത്രം തിരുത്തി. യാത്രാവിമാനങ്ങളുടെ വിഭാഗത്തില്‍ ഓക്ലാന്‍ഡില്‍ നിന്ന് ദോഹയിലേക്ക് 17 മണിക്കൂറും 40 മിനിറ്റും നിര്‍ത്താതെ പറന്ന ഖത്തര്‍ എയര്‍വേയ്‌സ് 921 വിമാനത്തിന്റെ റെക്കോഡ് പഴങ്കഥയായി.

സിങ്കപ്പുരിലെ പ്രാദേശികസമയം വ്യാഴാഴ്ച രാത്രി 11.45-ന് പുറപ്പെട്ട വിമാനം വെള്ളിയാഴ്ച രാവിലെ യു.എസ്. പ്രാദേശികസമയം 5.29-ന് ന്യൂയോര്‍ക്കിനടത്തുള്ള നെവാര്‍ക്കിലെ ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. 18 മണിക്കൂറും 25 മിനിറ്റുമായിരുന്നു യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

സിങ്കപ്പുര്‍-ന്യൂയോര്‍ക്ക് യാത്രയില്‍ ഇടയ്ക്ക് ഇറങ്ങി സമയം നഷ്ടമാവുന്നത് ഒഴിവാക്കുകയായിരുന്നു ഒറ്റപ്പറക്കലിലൂടെ ലക്ഷ്യം. യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യവുമായിരുന്നു അത്. എന്നാല്‍, 18 മണിക്കൂറിലധികം നീളുന്ന നിര്‍ത്തായാത്രയില്‍ യാത്രക്കാരും നന്നായി ഒരുങ്ങേണ്ടതുണ്ട്. നീണ്ടയാത്ര മാനസിക, ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കാം. ഭൂഖണ്ഡങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്നതിനാല്‍ രാത്രി, പകല്‍ സമയവ്യത്യാസവും നേരിടേണ്ടിവരും.

ഒറ്റപ്പറക്കലില്‍ ഇതിലധികം ദൂരം പിന്നിട്ട വിമാനങ്ങളുണ്ടെങ്കിലും ഒരു നിശ്ചിത റൂട്ടില്‍ യാത്രാവിമാനം എന്ന നിലയിലാണ് സിങ്കപ്പുര്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ ചരിത്രം കുറിച്ചത്. മുമ്പ് ഒറ്റത്തവണത്തെ ആവശ്യങ്ങള്‍ക്കായിരുന്നു വലിയ പറക്കല്‍ നടത്തിയിരുന്നത്. ചിലതാവട്ടെ റെക്കോഡ് ലക്ഷ്യമിട്ടുള്ളതും.

ഒമ്പതുവര്‍ഷമായി സിങ്കപ്പുര്‍ എയര്‍ലൈന്‍സ് ഈ റൂട്ടില്‍ ഇന്ധനച്ചെലവ് കൂടിയ വിമാനമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസ് ലാഭമല്ലാത്തതിനാല്‍ 2013-ല്‍ അത് നിര്‍ത്തി. കൂടുതല്‍ ഇന്ധനക്ഷമതയുള്ള എ 350-900 യു.എല്‍.ആര്‍. വിമാനം ഉപയോഗിച്ച് ഇപ്പോള്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കയാണ്. 161 യാത്രക്കാരേയാണ് ഈ വിമാനത്തിന് ഉള്‍ക്കൊള്ളാനാവുക. നീണ്ടയാത്രയില്‍ ഒരിക്കല്‍പോലും ബുദ്ധിമുട്ടുകള്‍ തോന്നിയില്ലെന്നും ശരിക്കും ആസ്വദിക്കുകയായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു.

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: