17,000 കോടി രൂപയുടെ ഇന്ത്യ-ഇസ്രായേല്‍ മിസൈല്‍ പദ്ധതിക്ക് കരാറായി; ഞെട്ടി ലോകരാജ്യങ്ങള്‍

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കി 17,000 കോടി രൂപയുടെ മിസൈല്‍ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കി. കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന മധ്യദൂര മിസൈലുകളുടെ Medium Range Surface to Air Defence Missile (MR-SAM)) കരാറിനാണ് അനുമതി നല്‍കിയത്. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ക്രൂസ് മിസൈലുകളും അവാക്സ് വിമാനങ്ങളെ വരെ ഇതിനു ലക്ഷ്യം വയ്ക്കാന്‍ സാധിക്കും. ഇന്ത്യയും ഇസ്രായേലും സംയുക്തമായി നിര്‍മിച്ച ബാരക് 8ന്റെ പരിഷ്‌കരിച്ച ഈ മിസൈല്‍ കരയില്‍ നിന്നു ആകാശത്തേക്ക് തൊടുക്കാവുന്നതാണ്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മറ്റിയിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്. ഇസ്രയേലി എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിക്കൊപ്പം ഇന്ത്യയുടെ ഡിആര്‍ഡിഒയും ചേര്‍ന്നാണ് മിസൈലുകള്‍ നിര്‍മിക്കുക. 50 കിലോമീറ്റര്‍ മുതല്‍ 70 കിലോമീറ്റര്‍ വരെയായിരിക്കും മിസൈലുകളുടെ പരിധി. അതിര്‍ത്തികളില്‍ പല മേഖലകളിലുമുള്ള സുരക്ഷാ വീഴ്ച്ചകള്‍ പരിഹരിക്കുന്നതിന് ഈ നീക്കം സഹായിക്കും.

കരാറിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാവുക 40 ഫയറിംങ് യൂണിറ്റുകളിലായി 200 മിസൈലുകളാണ്. ഒപ്പിട്ട് 72 മാസത്തിനുള്ളില്‍ മിസൈലുകള്‍ എത്തിച്ചുതുടങ്ങണമെന്നാണ് കരാറിലുള്ളത്. ഇത് വെച്ച് കണക്കാക്കിയാല്‍ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ 2023 ആകുമ്പോഴേക്കും ഈ മിസൈലുകള്‍ വിന്യസിക്കാനാക്കും. വായുസേനക്ക് മാത്രമല്ല നാവിക സേനക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കുള്ള കരാറുകളില്‍ ഇന്ത്യയും ഇസ്രായേലും കൈകോര്‍ക്കുന്നുണ്ട്.

വായുസേനക്ക് മധ്യദൂര മിസൈലുകളാണെങ്കില്‍ നാവികസേനക്ക് ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറാണ് ഇസ്രയേലുമായുള്ളത്. ഇന്ത്യയിലെ നിരവധി കമ്പനികളും ഈ കരാറുകളുടെ ഭാഗമാകുന്നുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, എല്‍ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് തുടങ്ങി നിരവധി മുന്‍ നിര കമ്പനികള്‍ കരാറില്‍ ഉള്‍പ്പെടുന്ന വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കും. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: