17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം തുടങ്ങി…

17ാം ലോക്‌സഭയുടെ ആദ്യ സെഷനില്‍ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. പ്രോടെം സ്പീക്കര്‍ വീരേന്ദ്ര കുമാറാണ് ചടങ്ങുകള്‍ നിയന്ത്രിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. കെ.പി.സി.സി. വര്‍ക്കിഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹാതബ് എന്നിവരടങ്ങിയ പാനല്‍ പ്രോടെം സ്പീക്കര്‍ക്ക് സഹായം നല്‍കുന്നു.

അതെസമയം, പ്രതിപക്ഷം ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രധാനപ്പെട്ട ഭാഗം നിര്‍വ്വഹിക്കുന്നുണ്ടെന്ന് ചടങ്ങുകള്‍ തുടങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. തങ്ങളുടെ അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് ആശങ്കപ്പെടാതെ പാര്‍ലമെന്റില്‍ ഇടപെടാന്‍ പ്രതിപക്ഷത്തിന് സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇരുപതിനായിരിക്കും രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുക. ജൂലൈ നാലിന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് മേശപ്പുറത്തു വെക്കും. അഞ്ചിന് ബജറ്റ് അവതരിപ്പിക്കും.

മുപ്പത് സിറ്റിങ്ങുകളുള്ള മണ്‍സൂണ്‍ സെഷനില്‍ 10 ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വിവാദമായ മുത്തലാഖ് ബില്ലും ഈ സെഷനില്‍ കൊണ്ടുവരും. പുതിയ ബില്ല് കൊണ്ടുവരുന്ന കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റിന് ഈ ബില്ല് പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യസഭയില്‍ പിന്തുണ കിട്ടാത്തതായിരുന്നു കാരണം. ഇതെത്തുടര്‍ന്ന് പലവട്ടം ഓര്‍ഡിനന്‍സ് ഇറക്കി മുമ്പോട്ടു കൊണ്ടുപോകുകയായിരുന്നു. നേരത്തെ ലോക്‌സഭയില്‍ മാത്രം പാസ്സാക്കിയ ബില്‍ പുതിയ സര്‍ക്കാരില്‍ നിലനില്‍ക്കില്ല.

Share this news

Leave a Reply

%d bloggers like this: