113 കൊക്കയ്ന്‍ ഗുളികകള്‍ വയറ്റില്‍ വെച്ച് പൊട്ടി: വിമാനയാത്രയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ബ്രസിലിയെന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ദുരൂഹതകള്‍ മാറി

ഡബ്ലിന്‍: ബ്രസീലിയന്‍ വിദ്യാര്‍ത്ഥി ജോണ്‍ കെന്നഡി സാന്റോസ് ഗര്‍ഗോവിന്റെ മരണം കള്ളക്കടത്തിനിടെ സംഭവിച്ചതാണെന്നു സ്ഥിരീകരിച്ചു. 2015 ഒക്ടോബര്‍ 18-നു ഉച്ചതിരിഞ്ഞ് ലിസ്ബണില്‍ നിന്നും ഡബ്ലിനിലേക്ക് വരികയായിരുന്ന എയര്‍ലിംഗസ് വിമാനത്തിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവമുണ്ടായത്.ബ്രസീലുകാരനായ ഗര്‍ഗോ ഒരു കിലോ കൊക്കയ്ന്‍ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള വെപ്രാളത്തിലായിരുന്നു.

ലിസ്ബണ്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഗര്‍ഗോ പരിചയപ്പെട്ട വിമാനയാത്രകാരിയുടെ സാക്ഷി മൊഴികളും കേസില്‍ പ്രധാന തെളിവായി മാറി. ഗര്‍ഗോയുടെ വെപ്രാളം കണ്ടു കാര്യം അന്വേഷിച്ചപ്പോള്‍ സ്റ്റുഡന്റ് വിസയുടെ കാലാവധി തീരാറായി എന്നായിരുന്നു മറുപടി. എന്നാല്‍ യാത്രയ്ക്കിടെ വയറ്റിലുള്ള കൊക്കയ്ന്‍ ഗുളികകള്‍ പൊട്ടിയതോടെ ഗര്‍ഗോ അക്രമാസക്തനാകുകയായിരുന്നു.

സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയും, യാത്രക്കാരെ ഉപദ്രവിക്കാനും തുടങ്ങി. ഗര്‍ഗോവിന്റെ തൊട്ടടുത്ത് നിന്നവരെ ഇയാള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവം നിയന്ത്രണാതീതമായതോടെ ക്യാബിന്‍ ക്രു ഇടപെട്ട് ഇയാളുടെ രണ്ടുകയ്യും പുറകോട്ടു കെട്ടിയിട്ടു. തുടര്‍ന്ന് മരണവെപ്രാളം കാണിച്ചു തുടങ്ങിയ ഗര്‍ഗോവിന് സി.പി,ആര്‍ ഉള്‍പ്പെടെയുള്ള ശുശ്രുഷകള്‍ നല്‍കിയെങ്കിലും ഷാനോന്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തിരമായി ഇറക്കിയപ്പോഴേക്കും ഗര്‍ഗോ മരിച്ചു കഴിഞ്ഞിരുന്നു.

പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ കൊക്കയ്ന്റെ അളവ് രക്തത്തില്‍ ക്രമാധീതമായി കൂടിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. റിസ്റ്റില്‍ മുറുക്കെ കെട്ടിയതു മരണകണമാണെന്നു അഭ്യുഹങ്ങള്‍ പുറത്തു വന്നതോടെ കേസ് കോടതിയുടെ പരിഗണനയിലെത്തി. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു കൈയില്‍ കെട്ടിയതു മരണകാരണമല്ലെന്നു സ്ഥിരീകരിച്ച കോടതി ഗര്‍ഗോവിന്റെ മരണം കള്ളക്കടത്തിനിടെ സംഭവിച്ചതാണെന്നു കണ്ടെത്തി. ഗര്‍ഗോവിന്റെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘം നടത്തിയ ശ്രമങ്ങളെ കോടതി അഭിനന്ദിച്ചു. 70000 യൂറോ വില വരുന്ന മയക്കുമരുന്നാണ് ഗര്‍ഗോ അയര്‍ലണ്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: