ഹോര്‍മുസ് വീണ്ടും സംഘര്‍ഷഭരിതം : യു.കെ എണ്ണക്കപ്പല്‍ ഇറാന്റെ കസ്റ്റഡിയില്‍

ടെഹ്റാന്‍ : ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം ആളിക്കത്തുന്നു. യു.കെ യുടേത് ഉള്‍പ്പെടെ രണ്ട് ഓയില്‍ ടാങ്കറുകളാണ് ഇപ്പോള്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്. കപ്പലുകളില്‍ ഒന്ന് യുകെയിലും , മറ്റൊന്ന് ലൈബീരിയയിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമുദ്രനിയമങ്ങള്‍ ലംഘിച്ചതിനാല്‍ ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപീറോ എന്ന കപ്പല്‍ കണ്ടുകെട്ടിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. കപ്പലില്‍ 23 അംഗങ്ങളുണ്ട്.

ലൈബീരിയന്‍ ഫ്‌ലാഗുള്ള സൗദി ലക്ഷ്യമാക്കി നീങ്ങിയ ടാങ്കര്‍ പെട്ടന്ന് ഇറാനിയന്‍ തീരം ലക്ഷ്യമാക്കി വടക്കോട്ട് നീങ്ങിയതിനാല്‍ ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കപ്പലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, കപ്പല്‍ ഹ്രസ്വമായി തടഞ്ഞുവച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കപ്പലിന് യാത്ര തുടരാമെന്നും ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കപ്പല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പൂര്‍ണ്ണമായും പാലിച്ചിട്ടും ഇറാന്‍ പിടിച്ചെടുത്തു എന്നാണ് യു.കെ ആസ്ഥാനമായ ഷിപ്പിംഗ് കമ്പനി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. പ്രശ്‌നം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യു.കെയുടെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. എന്നാല്‍ സൈനിക നടപടിയെക്കാള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും യു.കെ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചകളില്‍ ഇറാന്റെ ഒരു ഓയില്‍ ടാങ്കര്‍ യു.കെ പിടിച്ചെടുത്തിരുന്നു. സിറിയയെ ലക്ഷ്യമാക്കി നീങ്ങുന്നതിനാലാണ് ഈ നടപടിയെന്ന് യു.കെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ടാങ്കര്‍ വിട്ടുനല്കാന്‍ തയ്യാറാണെന്നും യു.കെ ഇറാനെ അറിയിച്ചിരുന്നു. ഇറാന്റെ നടപടി യു.കെ യെ കൂടുതല്‍ പ്രകോപിച്ചിട്ടുണ്ട്. നിലവില്‍ ഇറാന്‍ -യു.എസ് ബന്ധങ്ങള്‍ വഷളായി തുടങ്ങിയ പശ്ചാത്തലത്തില്‍ ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യു.കെ കൂടി പിന്‍താങ്ങിയേക്കും.

Share this news

Leave a Reply

%d bloggers like this: