ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ആക്രമണം: ഇറാന്‍ എന്ന് അമേരിക്ക…

ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇന്റലിജന്‍സ് വിവരങ്ങളും, അക്രമത്തിനായി ഉപയോഗിച്ച ആയുധങ്ങളും, കൃത്യം നിര്‍വ്വഹിക്കാന്‍ കാണിച്ച വൈദഗ്ദ്ധ്യവും ഇറാന്റെറ പങ്ക് അനിഷേധ്യമാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം നടത്തണമെങ്കില്‍ അത്രയും സങ്കീര്‍ണ സാങ്കേതികജ്ഞാനം ആവശ്യമാണെന്നും അത് ഒരു ബിനാമിയെക്കൊണ്ട് ചെയ്യിക്കാന്‍ കഴിയിലെന്നുമാണ് അമേരിക്കയുടെ നിലപാട്.

അതേസമയം, തന്റെ അവകാശവാദങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ പോംപിയോ തയ്യാറായിട്ടില്ല. എണ്ണക്കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഇറനെ കുറ്റപ്പെടുത്തി ഇത് രണ്ടാം തവണയാണ് യുഎസ് രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തെയും യുഎസ് ഇറാന് മേല്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആ ആക്രമണങ്ങളുടെ ഔദ്യോഗിക അന്വേഷണത്തിലും ഉത്തരവാദികളാരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും വ്യക്തമായ ഭീഷണിയാണ് എന്ന യുഎസ് ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ ആക്രമണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് രംഗത്തെത്തി.

അതിനിടെ, യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെ ടെഹ്റാന്‍ നടത്തുന്ന സന്ദര്‍ശനം തുടരുകയാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ജപ്പാന്റെ നിര്‍ദേശം ഇറാന്റെ പരമോന്നത നേതാവ് അലി ഖുമൈനി തള്ളിയിരുന്നു. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആബെ മുന്നിട്ടിറങ്ങിയത് ട്രംപിന്റെ അനുഗ്രഹാശിസ്സുകളോടെയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതാണ് ഇറാന്റെ നിലപാടിന് പിന്നില്‍. അതിനു തൊട്ടുപിറകെയാണ് ഇറാനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പോംപിയോ രംഗത്തെത്തിയത്.

വിഷയത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: