ഹോങ്കോങ് പാര്‍ലമെന്റില്‍ കയ്യാങ്കളി: കുറ്റവാളികളെ ചൈനക്ക് കൈമാറാന്‍ അനുമതി നല്‍കുന്ന ഭേദഗതി നടപടികളാണ് ജനപ്രതിനിധികള്‍ തല്ലിത്തീര്‍ത്തത്…

ഹോങ്കോങ് പാര്‍ലിമെന്റില്‍ ജനപ്രതിനിധികള്‍ തമ്മില്‍ കയ്യാങ്കളി. കുറ്റവാളികളെ കൈമാറുന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി ജനപ്രതിനിധികള്‍ക്ക് പരുക്കേറ്റു. സഭക്കകത്തുവെച്ചും പുറത്തെ ഇടനാഴിയില്‍വെച്ചുമെല്ലാം അക്രമം തുടര്‍ന്നു. ഗുരുതരമായി പരിക്കുപറ്റിയ ഒരാളെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കുറ്റവാളികളെ ചൈനക്ക് കൈമാറാന്‍ അനുമതി നല്‍കുന്ന ഭേദഗതിയാണ് തര്‍ക്കത്തിന് കാരണമായത്. ക്രിമിനലുകളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഹോങ്കോങിന്റെ സ്വാതന്ത്ര്യത്തെതന്നെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനക്ക് കൈമാറുന്ന കുറ്റാരോപിതര്‍ അവിടെ കടുത്ത അനീതിക്കും അക്രമത്തിനും ഇരയായേക്കുമെന്നും അവര്‍ വാദിക്കുന്നു.

ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ കുറ്റവാളികളെന്നു സംശയിക്കുന്നവരെ ചൈനക്ക് കൈമാറുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. ഇത്തരത്തില്‍ കുറ്റവാളികളെ കൈമാറുമ്പോള്‍ ഹോങ്കോഗ് ചീഫ് എക്‌സിക്യൂട്ടീവിന് സൂക്ഷ്മ പരിശോധന നടത്തുവാനുള്ള അധികാരവും എടുത്തുമാറ്റപ്പെടും. അത് ഹോങ്കോങിന്റെ പരമാധികാരം തകര്‍ക്കുന്നതിലേക്കും നയിക്കും.

കഴിഞ്ഞ മാസം ഹോങ്കോങ്ങില്‍ ഈ നിയമ ഭേദഗതികള്‍ക്കെതിരെ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. നിരവധി നിയമ – മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ ഭേദഗതികള്‍ ഹോങ്കോങിന്റെ നിയമപരമായ സ്വാതന്ത്ര്യത്തെ മാത്രമല്ല, അന്തര്‍ദേശീയ വ്യാപാരത്തിന്റെ കേന്ദ്രമെന്ന ഖ്യാതിയും ഇല്ലാതാക്കുമെന്നും അവര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: