ഹോങ്കോങ്ങില്‍ നടക്കുന്നത് തീവ്രവാദമെന്ന് ചൈന

ഹോങ്കോങ് : 10 ആഴ്ചയോളമായി ഹോങ്കോങ് നഗരത്തില്‍ ബഹുജന പ്രക്ഷോഭം തുടരുകയാണ്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.

ഹോങ്കോങ് തെരുവുകളില്‍ കത്തിജ്വലിച്ച പ്രതിഷേധം അതിനിടെ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കിയ പ്രവൃത്തിയെ അപലപിച്ചുകൊണ്ട് ചൈന രംഗത്തെത്തി. വിമാനത്താവളത്തില്‍ ഉണ്ടായ സംഭവങ്ങളെ തീവ്രവാദ പ്രവര്‍ത്തനത്തിന് സമാനമാണെന്നാണ് ചൈനയുടെ വിശദീകരണം. ഹോങ്കോംഗ് അതിര്‍ത്തിയില്‍ ചൈനീസ് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎസ് അറിയിച്ചു. ഹോങ്കോങ്ങിന്റെ ഉന്നതമായ സ്വയംഭരണത്തെ മാനിക്കാന്‍ ചൈന തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ചൈന സൈനിക നടപടി ആരംഭിച്ചേക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

പ്രക്ഷോഭം തെരുവുകളില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. വെള്ളിയാഴ്ച മുതലാണ് പ്രതിഷേധക്കാര്‍ വിമാനത്താവളം ഉപരോധിക്കാന്‍ തുടങ്ങിയത്. സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസവും എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. അതിനിടെ, യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തതില്‍ നിരാശരായ യാത്രക്കാരും പ്രക്ഷോഭകരും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടായി. രാത്രിയോടെ അത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: