ഹൈപ്പര്‍ ലൂപ്പ് അതിവേഗ ഗതാഗത സംവിധാനം ഇന്ത്യയില്‍ വരുന്നു

 

മുംബൈ: മുംബൈയില്‍നിന്ന് പുണെയിലേക്ക് ഹൈപ്പര്‍ ലൂപ്പ് സംവിധാനം വരുന്നു. ആഗോളനിക്ഷേപകസംഗമത്തില്‍ അമേരിക്കയിലെ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍സ് എന്ന കമ്പനി മഹാരാഷ്ട്രസര്‍ക്കാരുമായി ഇതിന്റെ കരാര്‍ ഒപ്പിട്ടു. മാസങ്ങള്‍ മുമ്പുതന്നെ കമ്പനി മുംബൈയിലെത്തി പദ്ധതിയുടെ സര്‍വേ ആരംഭിച്ചിരുന്നു.

പാത നവിമുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിന് അടുത്തുകൂടിയാവും പോവുകയെന്ന് ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. എന്നാല്‍ യാത്രാച്ചെലവ് എത്രയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനക്കൂലിയോളം വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഹൈപ്പര്‍ലൂപ്പ് സംവിധാനം അപകടങ്ങള്‍ കുറയ്ക്കും. ആറു മാസത്തിനുള്ളില്‍ സാധ്യതാപഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരീക്ഷണ ട്രാക്കിന്റെ നിര്‍മാണം 2019-ല്‍ തുടങ്ങാനാണ് തീരുമാനം. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. മുംബൈ-പുണെ ട്രാക്ക് പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണ്ടിവരുമെന്നും റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു.

മൊത്തം ചെലവ് 20,000 കോടി രൂപയാണ് കണക്കാക്കുന്നത്. മറ്റ് അതിവേഗപാതകളെക്കാള്‍ കുറവായിരിക്കും ഇതിന്റെ ചെലവ്. ഒരു വര്‍ഷം 15 കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. വര്‍ഷം ഒന്‍പത് കോടി മണിക്കൂറുകളാണ് ലാഭിക്കാന്‍ കഴിയുക. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് സംവിധാനം ഇന്ത്യയിലേതാവും. ദുബായിലും ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മുംബൈ-പുണെ പാതയ്ക്ക് ശേഷം രാജ്യത്ത് മറ്റെവിടെയൊക്കെ ഹൈപ്പര്‍ലൂപ്പ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് പഠനവിധേയമാക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ശബ്ദവേഗത്തില്‍ കുതിക്കുംവായു ഇല്ലാത്ത ഒരു കുഴലിലൂടെ കാന്തികശക്തിയില്‍ ഓടുന്ന വണ്ടിയാണിത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോച്ചാണ് (പോഡ്) ഉപയോഗിക്കുന്നത്. സ്റ്റീലിനെക്കാള്‍ ഉറപ്പുള്ള ഈ കോച്ചിന് ഭാരം കുറവായിരിക്കും. 8.7 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയും 2.4 മീറ്റര്‍ ഉയരവുമാണ് കോച്ചിനുണ്ടാവുക.

വായു ഇല്ലാത്തതിനാലും എവിടെയും തൊടാത്ത നിലയിലുമായതിനാല്‍ ശബ്ദവേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും(1223 കി. മീറ്റര്‍ വേഗതയില്‍). സൗരോര്‍ജമാണ് സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നത്. പാളത്തില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന പോഡ് പരമാവധി വേഗതയില്‍ എത്തിക്കഴിഞ്ഞാല്‍ വലിയ ഊര്‍ജമില്ലാതെതന്നെ മുന്നോട്ട് കുതിക്കും. കഴിഞ്ഞ ഡിസംബറില്‍ വിദേശത്ത് നടത്തിയ പരീക്ഷണത്തില്‍ 385 കി.മീറ്റര്‍ വേഗത്തിലാണ് ഹൈപ്പര്‍ലൂപ്പ് ഓടിച്ചത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: