ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു; ദിലീപ് ജയിലില്‍ തുടരും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ രണ്ടാം ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് ദിലീപിന് ഇത്തവണയും കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇതോടെ ദിലീപ് അടുത്തെങ്ങും ജയില്‍ മോചിതനാകില്ലെന്ന് ഉറപ്പായി.

കേസില്‍ മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. ജൂലൈ 10 ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജൂലൈ 15 ന് തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂലൈ 24 ന് കോടതി അതും തള്ളി. തുടര്‍ന്നാണ് ഓഗസ്റ്റ് 11 ന് ജാമ്യത്തിനായി രണ്ടാമതും ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ശക്തമായ വാദമായിരുന്നു നടന്നത്. ഈ മാസം 22, 23 തീയതികളിലായി വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന കേസ് ഡയറി മുദ്രവെച്ച കവറില്‍ പൊലീസ് കോടതിയില്‍ഡ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ എല്ലാം പൂര്‍ണമായും കണക്കിലെടുത്ത കോടതി ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് 50 ദിവസം തികഞ്ഞിരിക്കുകയാണ്. ജൂലൈ 10 നാണ് കേസില്‍ ദിലീപിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28 ആയപ്പോള്‍ ദിലീപിന്റ ജയിലില്‍വാസം 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ദിലീപിന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പുതിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ 24 ന് തള്ളിയിരുന്നു.

ദിലീപിന്റെ മാനേജര്‍ ആയ അപ്പുണ്ണി എന്ന സുനില്‍ രാജ് ഒളിവിലാണ്, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല തുടങ്ങീ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്ക് നിലവില്‍ മാറ്റം വന്നിട്ടുണ്ട്. അപ്പുണ്ണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ തന്റെ ജൂനിയറായ രാജു ജോസഫ് നശിപ്പിച്ച് കളഞ്ഞെന്ന് സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ മൊഴി നല്‍കുകയും ചെയ്തു. സുനി തന്നെ ഏല്‍പ്പിച്ച മൊബൈല്‍ രാജുവിന് കൈമാറിയെന്നും അദ്ദേഹം അത് നശിപ്പിച്ച് കളഞ്ഞെന്നുമാണ് പ്രതീഷ് ചാക്കോ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.

ആക്രമണത്തിന്റെ സൂത്രധാരന്‍ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സുനി ജയിലില്‍ നിന്ന് അയച്ച കത്ത് ലഭിച്ച ഉടന്‍ തന്നെ അന്നത്തെ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് വാട്ട്സാപ്പ് വഴി അയച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം പരാതി നല്‍കി. പരാതി നല്‍കിയത് 20 ദിവസം കഴിഞ്ഞാണെന്ന പൊലീസ് വാദം ശരിയല്ല. ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

ജാമ്യാപേക്ഷയില്‍ പൊലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ദിലീപ് ഉന്നയിച്ചിട്ടുണ്ട്. അന്വേഷംസംഘത്തലവനായ ഐജി ദിനേന്ദ്ര കശ്യപ് അറിയാതെയാണ് ദിലീപിനെ എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയപ്പോള്‍ വീഡിയോ ക്യാമറ ഓഫ് ചെയ്തു. ശ്രീകുമാര്‍ മേനോന് ഭരണകക്ഷിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ട്. ദിലീപിനോട് എതിര്‍പ്പുള്ള വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും അപ്പുണ്ണിയ്ക്ക് ക്ലീന്‍ചീട്ട് നല്‍കിയിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അന്വേഷണത്തില്‍ ആശയകുഴപ്പമുണ്ടാക്കാനാണെന്നും സത്യവാങ്മൂലത്തിലുണ്ട്. മാര്‍ച്ച് മാസം മുതല്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലിലാണെന്നും പൊലീസ് തയ്യാറാക്കി. സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: