ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തി; ശക്തമായ കാറ്റും മഴയും ഉണ്ടാകും; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം

ഡബ്ലിന്‍: ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഇന്ന് രാത്രി ആഞ്ഞടിക്കും. കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നും നാളെയുമായി കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. ഗാല്‍വേ, മായോ സ്ലിഗൊ, ലെറ്ററിം, ഡോണഗല്‍ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകാം. 25 മില്ലീമീറ്റര്‍ മുതല്‍ 40 മില്ലീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തോട്ടാകെ അഞ്ച് കൗണ്ടികളിലാണ് ഇതുവരെ മഴ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്.

അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത രണ്ട് വ്യത്യസ്ത ന്യൂനമര്‍ദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അയര്‍ലന്‍ഡ് തീരങ്ങളില്‍ എത്തുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ‘അലി’, ‘ബ്രോണ’ എന്നീ പേരുകളില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രണ്ട് ചുഴലിക്കാറ്റുകള്‍ അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്തിട്ടുള്ളതായി യുകെ/അയര്‍ലണ്ട് മെറ്റ് ഓഫീസ് അധികൃതര്‍ സൂചിപ്പിക്കുന്നു. ഇതിന്റെ സഞ്ചാര പാത അയര്‍ലണ്ടിലുടെ യുകെയിലേക്കാണ്.

ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് വാഹന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ഡബ്ലിനിലെ എം1 മോട്ടോര്‍വെ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു.

കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് പുറത്തേക്ക് കാഴ്ച ലഭിക്കണമെങ്കില്‍ വൈപ്പറുകള്‍ തന്നെ സഹായിക്കണം. അതിനാല്‍ മഴക്കാലത്ത് വാഹനം എടുക്കുമ്പോള്‍ വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വൈപ്പറിന്റെ റബ്ബര്‍ സ്ട്രിപ്പ് വിന്‍ഷീല്‍ഡില്‍ പതിഞ്ഞുകിടക്കുന്നതിനാല്‍ വെയിലത്ത് കേട് വരാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ഇത് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് വിന്‍ഷീല്‍ഡിലെ വെള്ളം നീക്കാന്‍ ഈ വൈപ്പറുകള്‍ പോരെന്ന് മനസ്സിലാകുക. അതിനാല്‍ എല്ലാ മഴ സീസണിലും വൈപ്പറിന്റെ റബ്ബര്‍ സ്ട്രിപ്പുകള്‍ മാറ്റുന്നത് ഉചിതമാകും. വിന്‍ഷീല്‍ഡ് ഫല്‍യിഡ് ടോപ്പ് അപ്പ് ചെയ്യാനും മറക്കരുത്.

മഴ പെയ്യുമ്പോള്‍ വിന്‍ഷീല്‍ഡുകളില്‍ പുകപടലം നിറയും. റോഡില്‍ നിന്നും മറ്റുവാഹനങ്ങളില്‍ നിന്നും തെറിക്കുന്ന ചളിയും എണ്ണയും കലര്‍ന്ന മിശ്രിതം വിന്‍ഷീല്‍ഡില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇത് പടരുന്നത് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കും. അതിനാല്‍ നല്ല ഡിറ്റര്‍ജന്റുകളോ ഗ്ലാസ് ക്ലീനറുകളോ ഉപയോഗിച്ച് വിന്‍ഷീല്‍ഡ് കഴുകി വൃത്തിയാക്കണം. എസിയുടെ ഡീഫ്രോസ്റ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടക്കിടെ ഡീഫ്രോസ്റ്റര്‍ ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കുന്നത് കാഴ്ച സുഗമമാക്കും.

മഴക്കാലത്ത് വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധമാണ്. ഹെഡ്‌ലൈറ്റുകള്‍ പകല്‍ സമയങ്ങളിലും കത്തിക്കേണ്ടിവരുന്നതിനാല്‍ എക്‌സ്ട്രാ ഫ്യൂസുകളും ബള്‍ബുകളും കരുതുന്നത് നന്നാകും. രാത്രി യാത്രയില്‍ ഹെഡ്‌ലൈറ്റുകളില്‍ ഒന്ന് ഫീസായാല്‍ പോലും യാത്ര ദുര്‍ഘടമാകും. ശക്തമായ മഴയത്ത് ഹൈബീം ഹെഡ്‌ലാംപുകള്‍ ഉപയോഗിക്കരുത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഫോഗ് ലൈറ്റ് ഉള്ള വാഹനങ്ങളില്‍ അത് പ്രകാശിപ്പിക്കലാണ് നല്ലത്. കനത്ത മഴ പെയ്യുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതും നന്നാകും. മറ്റു വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാന്‍ ഇത് സഹായകരമാണ്. ബ്രേക്ക് ലൈറ്റ്, റിവേഴ്‌സ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, പാര്‍ക്കിംഗ് ലൈറ്റുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഇലക്ട്രിക്കല്‍ സംവിധാനം മഴക്കാലത്ത് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യത ഏറെയാണ്. വൈപ്പര്‍, പാര്‍ക്ക്‌ലൈറ്റ് തുടങ്ങിയവയുടെ ഉപയോഗം കൂടുന്നത് ബാറ്ററികളുടെ പണി കൂട്ടും. ബാറ്ററിക്ക് വേണ്ടത്ര ശേഷിയില്ലെങ്കില്‍ വാഹനം പണിമുടക്കാന്‍ അത് കാരണമാകും.

മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. സുരക്ഷിത അകലം ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ബ്രേക്ക് കിട്ടാതെ വന്നാല്‍ മുന്നിലെ വാഹനത്തില്‍ ഇടിക്കാന്‍ അതു മതിയാകും. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കാനും പരമാവധി വേഗം കുറച്ച് ഓടിക്കാനും ശ്രദ്ധിക്കണം. കണ്ടയിനര്‍ ലോറി പോലെയുള്ള വലിയ വാഹനങ്ങളുടെ തൊട്ടുപിറകില്‍ വാഹനം ഓടിച്ചാല്‍ അവയുടെ ടയറില്‍ നിന്ന് ചെളിതെറിച്ച് വിന്‍ഷീല്‍ഡിലൂടെയുള്ള കാഴ്ച തടസ്സപ്പെടും. മറ്റു വാഹനങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയും മഴക്കാലത്ത് നല്ലതല്ല. മുന്നിലെ വാഹനത്തിന്റെ ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവറുടെ നീക്കം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: