ഹൃദ്രോഗം കണ്ടുപിടിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇ സി ജി ഉപകരണവുമായി ഇന്ത്യന്‍ ഗവേഷകര്‍; വില വെറും 4,000 രൂപ

 

ഹൃദ്രോഗം കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇ സി ജി ഉപകരണം കണ്ടുപിടിച്ച ഇന്ത്യന്‍ ഗവേഷകര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മുംബൈ ഭാഭാ ആറ്റോമിക് റിസെര്‍ച്ച് സെന്ററിലെ ഒരു കൂട്ടം ഗവേഷകരാണ് വെറും നാലായിരം രൂപ മാത്രം ചിലവ് വരുന്ന ഈ ഉപകരണത്തിന് പിന്നില്‍.

ടെലി ഇസിജി മെഷീന്‍ എന്നു പേരു നല്‍കിയിരിക്കുന്ന ഈ ഉപകരണം മൊബൈല്‍ ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവിന് അയച്ചു കൊടുത്ത് ഫലം വിലയിരുത്തുകയും ചെയ്യാം.

ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ യന്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്നും മൊബൈല്‍ ഫോണിലൂടെ ഇ സി ജി ലോകത്തെവിടെയുമുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഏത് സമയത്തും പരിശോധിക്കാമെന്നത് കൊണ്ട് ചികിത്സാ രംഗത്ത് തന്നെ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഇ സി ജി പരിശോധനയാണ് ഹൃദ്രോഗം കണ്ടുപിടിക്കാനുള്ള പ്രധാനമാര്‍ഗമെന്നും പല ഗ്രാമപ്രദേശങ്ങളിലെയും ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഹൃദ്രോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം കൂടാന്‍ മറ്റൊരു കാരണമാകുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 
എ എം

 

Share this news

Leave a Reply

%d bloggers like this: