ഹിമാലയന്‍ മേഖലകളെ പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ള അതിതീവ്ര ഭൂചലനത്തിന് സാധ്യതയെന്ന് പഠനങ്ങള്‍

ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. ബാംഗ്ലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഭൂകമ്പസാസ്ത്രജ്ഞന്‍ സി.പി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭാവിയില്‍ ഏത് സമയത്തും മധ്യ ഹിമാലയത്തിലെ ഓവര്‍ലാപ്പു ചെയ്യുന്ന മേഖലകളില്‍ 8.5 തീവ്രതയുള്ളതോ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ളതോ ആയ ഭൂകമ്പം ഉണ്ടായേക്കുമാന്നാണ് പഠനത്തില്‍ പറയുന്നത്. ജിയോളജിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിലവിലുള്ള ഡാറ്റാബേസുകള്‍ സൂക്ഷ്മമായി വിലയിരുത്തിയും, നേപ്പാളില്‍ സ്ഥിതിചെയ്യുന്ന മോഹന ഖോല, ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചോര്‍ഗാലിയ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചും നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ പുതിയ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഗൂഗിള്‍ എര്‍ത്ത്, ഐഎസ്ആര്‍ഒയുടെ കാര്‍ടോസറ്റ്-1 ഉപഗ്രഹത്തില്‍ നിന്നുള്ള ഇമേജുകള്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രാദേശിക ജിയോളജിയും ഘടനാപരമായ ഭൂപടവുമൊക്കെയാണ് അവര്‍ വിവര ശേഖരണത്തിനായി ഉപയോഗിച്ചത്.

1315-നും 1440-നും ഇടയിലുള്ള കാലത്താണ് ഏറ്റവും ഒടുവിലായി ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിതീവ്ര ഭൂകമ്പം ഉണ്ടായതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 600 കിലോമീറ്റര്‍ വ്യാപ്തിയിലുണ്ടായ ആ ഭൂകമ്പം 8.5-ല്‍ കൂടുതല്‍ തീവ്രത ഉള്ളതായിരുന്നു എന്നാണ് അവര്‍ വിലയിരുത്തുന്നത്. അതിനു ശേഷം ഇന്ത്യയും കിഴക്കന്‍ നേപ്പാളിന്റെ കുറച്ച് ഭാഗങ്ങളും ഉള്‍പ്പെടുന്ന മധ്യ ഹിമാലയ മേഖല കഴിഞ്ഞ 700 വര്‍ഷത്തോളമായി ശാന്തമായിരുന്നു.

ഈ മേഖലയില്‍ ഭൗമാന്തര്‍ഭാഗത്ത് കടുത്ത സമ്മര്‍ദം രൂപപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ ഗവേഷകര്‍ സമീപ ഭാവിയില്‍തന്നെ വലിയൊരു ഭൂകമ്പം ഉണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. 8.5 തീവ്രതയില്‍ ഒരു ഭൂകമ്പം ഉണ്ടായാല്‍ അത് ഹിമാലയന്‍ മേഖലകളില്‍ പ്രത്യേകിച്ച് വലിയ വിനാശകരമായിരിക്കുമെന്ന് സി.പി. രാജേന്ദ്രന്‍ പറയുന്നു.

ഈ മേഖലയില്‍ അത്തരമൊരു ഭൂകമ്പം ഉണ്ടാകാമെന്ന നിഗമനം വസ്തുതാപരമാണെന്ന് വര്‍ഷങ്ങളായി ഹിമാലയന്‍ മേഖലയിലെ ഭൂകമ്പ മേഖലകളെക്കുറിച്ച് പഠിക്കുന്ന അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഭൂഭൗതിക ശാസ്ത്രജ്ഞനായ റോജര്‍ ബില്‍ഹാമും വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: