ഹാര്‍ഡ് ബ്രെക്‌സിറ്റ് : അയര്‍ലണ്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്. ഹാര്‍ഡ് ബ്രെക്‌സിറ്റ് നടന്നാല്‍ ബ്രെഡ് അടക്കമുള്ള നിത്യോപയോഗസാധനങ്ങളുടെ വില കൂടാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ്. 2 ശതമാനം മുതല്‍ 3.1 ശതമാനം വരെ വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. വാര്‍ഷിക ഇനത്തില്‍ 892 യൂറോ മുതല്‍ 1,360 യൂറോ വരെ ഓരോ കുടുംബത്തിനും ഇത് അധിക ചെലവ് വരുത്തിവയ്ക്കും. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ESRI) യാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യേതര വസ്തുക്കളുടെ വില വര്‍ധിക്കുന്നത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയാകും. സാമ്പത്തീക ഭദ്രതയുള്ള കുടുംബങ്ങളെക്കാള്‍ വിലകയറ്റം ബാധിക്കുന്നത് 70 ശതമാനത്തോളം സാധാരണ കുടുംബങ്ങളെയാണ്.

ബ്രെഡിന് 30 ശതമാനം വരെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 80% ധാന്യ മാവും യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് എന്നതിനാലാണ് വില വര്‍ദ്ധനവ് സംഭവിക്കുക. പാല്‍, മുട്ട, ചീസ് തുടങ്ങിയവയുടെ വിലയില്‍ 46 ശതമാനം വര്‍ദ്ധനവുണ്ടാകും യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ധാന്യമാവ് ഉപയോഗിച്ചാണ് ഇവിടെ കേക്കുകള്‍, ചിക്കന്‍ കോട്ടിങ്‌സ്, ബാറ്റേര്‍ഡ് ഫിഷ് എന്നിവയെല്ലാം തയ്യാറാക്കുന്നത്. ഇവ ഉണ്ടാക്കിയ ശേഷം തിരികെ യുകെയിലേയ്ക്ക് കയറ്റുമതി ചെയ്യാറുമുണ്ട്. അതിനാല്‍ ബിസിനസിനെയാകമാനമായിരിക്കും ബ്രെക്‌സിറ്റ് ബാധിക്കുക.

അയര്‍ലണ്ടിലേക്കുള്ള 34 ശതമാനം സാധനങ്ങളും യൂകെയില്‍ നിന്നാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്.രാജ്യവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇലക്ട്രിക്കല്‍ മെഷ്യനറികള്‍ ആകെ ഇറക്കുമതി ചിലവിന്റെ 16 ശതമാനം കൈയ്യടക്കുമ്പോള്‍ ഗ്യാസ് അടക്കമുള്ള ഇന്ധനച്ചിലവ് ഇനത്തിലാണ് 15 ശതമാനം ചിലവുണ്ടാകുന്നത്.ഭക്ഷ്യ ഇറക്കുമതിയാവട്ടെ 10 ശതമാനം മാത്രമേയുള്ളു. ഫലത്തില്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ ഇവയ്‌ക്കെല്ലാം വില ഉയരുക തന്നെ ചെയ്യും.

അതേ സമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നോ ഉള്ള ഇറക്കുമതികള്‍ പ്രബലപ്പെടുത്തിയാല്‍ ഐറിഷ് ജനത പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പല രുചികളും നഷ്ടപ്പെടുമെന്ന ഭാഷ്യവും ഉയരുന്നുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: