ഹല്‍ദങ്കറുടെ ‘വിളക്കേന്തിയ വനിത’ വിടവാങ്ങി

വിളക്കേന്തിയ വനിത’ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവര്‍ക്കും ഓര്‍മ്മ വരുക ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിനെയാണ്. എന്നാല്‍ ഇന്ത്യക്കാരും ചിത്ര ആസ്വാദകരും ലോറന്‍സ് നൈറ്റിന്‍ഗേലിനൊപ്പം കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു ചിത്രവുമുണ്ട്. വിഖ്യാത ചിത്രകാരന്‍ എസ്.എല്‍. ഹല്‍ദങ്കറുടെ ‘ഗ്ലോ ഓഫ് ഹോപ്’ എന്ന ‘വിളക്കേന്തിയ വനിത’ എന്ന് വിളിക്കപ്പെടുന്ന ചിത്രം. ആ ചിത്രത്തിന് ഹല്‍ദങ്കറിന് പ്രചോദനമായത് തന്റെ 12 വയസ്സുള്ള മകളായ ഗീത ഉപ്ലേക്കറായിരുന്നു.

ഹല്‍ദങ്കറുടെ മൂന്നാമത്തെ മകളായിരുന്നു ഗീത. ആ ചിത്രത്തിനെക്കുറിച്ച് ഹല്‍ദങ്കര്‍ വെളിപ്പെടുത്തിയത്, 1945-46 കാലത്തെ ഒരു ദീപാവലി ദിവസം ഗീത അമ്മയുടെ സാരിയും ധരിച്ച് മെഴുകുതിരിയുമായി വിളക്കുകള്‍ തെളിക്കുകയായിരുന്നു. ആ കളര്‍ ടോണ്‍ മനസ്സില്‍ തട്ടിയപ്പോള്‍ ചിത്രം വരയ്ക്കാന്‍ നിന്നുതരാന്‍ ഹല്‍ദങ്കര്‍, ഗീതയോട് ആവശ്യപ്പെട്ടു.

മൂന്ന് ദിവസം കൊണ്ടാണ് ഈ ജലച്ചായ ചിത്രം ഹല്‍ദങ്കര്‍ പൂര്‍ത്തിയാക്കിയത്. സാരിയുടുത്തു നില്‍ക്കുന്ന ഒരു യുവതി കാറ്റില്‍ കെട്ടു പോകാതെ കൈവെള്ളകൊണ്ടു മറച്ചുപിടിച്ച വിളക്കും, പിന്നില്‍ സൃഷ്ടിക്കുന്ന വെളിച്ചത്തിന്റെയും നിഴലുകളുടെയും മനോഹര വിന്യാസവുമാണ് ‘ഗ്ലോ ഓഫ് ഹോപ് ‘ എന്നു പേരിട്ട ചിത്രത്തിന്റെ പശ്ചാത്തലം.

പിന്നീട് ചിത്രം കണ്ട് ഇഷ്ടപ്പെട്ട മൈസൂര്‍ മഹാരാജാവ് 300 രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഇന്ന് മൈസൂര്‍ ജഗന്‍മോഹന്‍ കൊട്ടാരത്തിലെ ജയചാമ രാജേന്ദ്ര ആര്‍ട്ട് ഗ്യാലറിയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിട്ടുള്ള ഒന്നാണ് ഈ ചിത്രം. ഫ്രാന്‍സിലെ ആര്‍ട്ട് ഗ്യാലറി ഈ ചിത്രം സ്വന്തമാക്കുവാന്‍ എട്ടു കോടി രൂപ വരെ പറഞ്ഞിട്ടും ആര്‍ട്ട് ഗ്യാലറി വിസമ്മതിക്കുകയായിരുന്നു. ചിത്രത്തിന് പ്രചോദനമായ ഗീത ആഭരണവ്യവസായിയായ കൃഷ്ണകാന്ത് ഉപ്ലേക്കറെ വിവാഹം ചെയ്ത മഹാരാഷ്ട്രയിലെ കോലാപൂരിലായിരുന്നു താമസം. മൂന്നുമക്കളുണ്ട്. നൂറ്റിരണ്ടാം വയസ്സിലായിരുന്നു ഗീത ഉപ്ലേക്കറുടെ അന്ത്യം.

എ എം

Share this news

Leave a Reply

%d bloggers like this: